അന്താരാഷ്ട്ര ഫുട്‌ബോളിലും ക്ലബ്ബ് ഫുട്‌ബോളിലും മുഴുവന്‍ ടൈറ്റിലുകളും പേരിലാക്കി കരിയര്‍ സമ്പൂര്‍ണമാക്കിയ താരമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. 2022 ഫിഫ ലോകകപ്പില്‍ ദേശീയ ജേഴ്‌സിയിലെ അവസാന ടൂര്‍ണമെന്റിനിറങ്ങിയ താരം ഖത്തറില്‍ തന്റെ സ്വപ്‌നസാക്ഷാത്കാരം നടത്തുകയായിരുന്നു. തുടര്‍ന്ന് ലോക ജേതാവെന്ന ടാഗില്‍ കുറച്ചുകാലം കൂടി ദേശീയ ജേഴ്‌സിയില്‍ തുടരണമെന്ന ആഗ്രഹം മെസി അറിയിക്കുകയായിരുന്നു.
വിരമിക്കുന്നതിന് മുമ്പ് വിശ്വകിരീടമുയര്‍ത്തിയില്ലായിരുന്നെങ്കില്‍ കരിയറിലെ അവിസ്മരണീയ നിമിഷമായി ഓര്‍ക്കപ്പെടേണ്ടിയിരുന്ന നേട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴ്‌പ്പെടുത്തി കോപ്പാ അമേരിക്ക സ്വന്തമാക്കിയതിനെ കുറിച്ചാണ് മെസി സംസാരിച്ചത്.
നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ ‘ചാമ്പ്യന്‍സ് ഓഫ് അമേരിക്ക’ എന്ന ഡോക്യുമെന്ററിയില്‍ അര്‍ജന്റീനയുടെ കോപ്പ അമേരിക്ക നേട്ടത്തിന്റെ വിഷ്വല്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2021ല്‍ നടന്ന കോപ്പ അമേരിക്കയില്‍ മികച്ച പ്രകടനമായിരുന്നു മെസി പുറത്തെടുത്തിരുന്നത്. ഡോക്യുമെന്ററിയില്‍ മെസി കോപ്പ അമേരിക്ക നേട്ടത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
‘സത്യം പറഞ്ഞാല്‍ എനിക്കറിയില്ല, അത്ഭുതാവഹമാണത്. എനിക്ക് തോന്നുന്നു എന്റെ സ്‌പോര്‍ട്‌സ് കരിയറിലെ അതിമനോഹരവും ഒരിക്കലും മറക്കാന്‍ പറ്റാത്തതുമായ കാര്യമാണത്,’ അദ്ദേഹം പറഞ്ഞു.
മത്സരത്തിന് ശേഷം വലിയ കരഘോഷമാണ് മെസിക്ക് ആരാധകരില്‍ നിന്നും ലഭിച്ചിരുന്നത്. ആ അംഗീകാരവും പ്രശംസയും മെസിക്ക് ഒരിക്കലും മറക്കാനാവാത്തതാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാണ്.
അതേസമയം, മെസിയുടെ ക്ലബ്ബ് ഫുട്ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പി.എസ്.ജി പലതവണ മേശപ്പുറത്ത് വെച്ചിരുന്നെങ്കിലും മെസി സൈന്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇതിനകം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ മോഹവില കൊടുത്ത് മെസിയെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. 400 മില്യണ്‍ യൂറോയുടെ ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ വെച്ച് നീട്ടിയത്. എന്നാല്‍ താരം ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മെസി തിരിച്ച് പോകാനാണ് സാധ്യതയെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ ഫുട്ബോളില്‍ തന്നെ തുടരുമെന്നും ബാഴ്സലോണയില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് മെസി പദ്ധതിയിടുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Content Highlights: Lionel Messi opens up about Copa America win against Brazil