സൗദിയിലേക്ക് വന്നാൽ മെസിക്ക് വൻ തുക; റൊണാൾഡോക്ക് ചെക്ക് വെക്കാൻ സൗദി ക്ലബ്ബ്; റിപ്പോർട്ട്
football news
സൗദിയിലേക്ക് വന്നാൽ മെസിക്ക് വൻ തുക; റൊണാൾഡോക്ക് ചെക്ക് വെക്കാൻ സൗദി ക്ലബ്ബ്; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd March 2023, 10:27 am

ജനുവരി ട്രാൻസ്ഫർ ജാലകം അവസാനിച്ചിട്ടും ഫുട്ബോൾ ലോകത്ത് ട്രാൻസ്ഫർ വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും ഒരു പഞ്ഞവുമില്ല.
ലീഗ് മത്സരങ്ങൾ പുരോഗമിക്കുന്ന വേളയിൽ ടൈറ്റിൽ നേടാനും റെലഗേഷൻ ഒഴിവാക്കാനും കൂടുതൽ താരങ്ങളെ ടീമിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് ക്ലബ്ബുകൾ.

മെസിയെ സൗദി അറേബ്യൻ ക്ലബ്ബ് നോട്ടമിട്ടുണ്ട് എന്നതാണ് ട്രാൻസ്ഫർ സംബന്ധിച്ച് ഉയർന്ന് വന്ന ഏറ്റവും പ്രധാനപ്പെട്ട റിപ്പോർട്ട്.
പ്രതിവർഷം 88 മില്യൺ യൂറോക്ക് പി.എസ്.ജിയിൽ നിന്നും മെസിയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ സൗദി ക്ലബ്ബായ അൽ ഇത്തിഹാദ് ശ്രമം നടത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.

മാധ്യമ പ്രവർത്തകനായ ബെൻ ജേക്കബ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുമ്പ് പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാലിനും മെസിയെ സ്വന്തമാക്കാൻ താൽപര്യമുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കൂടാതെ പി.എസ്.ജിക്ക് ലിവർപൂൾ സൂപ്പർ താരമായ മൊഹമ്മദ് സലായെ സൈൻ ചെയ്യാൻ താൽപര്യമില്ലെന്നും ബെൻ ജേക്കബ്സിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

പി.എസ്.ജിയുമായി ഈ വർഷം ജൂണോടെ മെസിയുടെ കരാർ അവസാനിക്കാനിരിക്കെയാണ് താരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബ്ബുകൾ രംഗത്തെത്തിയിരിക്കുന്നത്. അൽ ഇത്തിഹാദിന് പുറമേ  ബാഴ്സലോണ , അൽ ഹിലാൽ,  അമേരിക്കൻ ക്ലബ്ബ്‌ ഇന്റർ മിയാമി, മുതലായ ടീമുകളുമായി  ചേർത്തെല്ലാം മെസിയുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ വാർത്തകൾ ഉയർന്ന് കേൾക്കുന്നുണ്ട്.

എന്നാൽ മെസിയെ ക്ലബ്ബ്‌ പി.എസ്.ജിയിൽ നിന്നും വിട്ട് നൽകാനുള്ള സാധ്യത വളരെ കുറവാണ്. പാരിസ് ക്ലബ്ബിന് അവരുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ മെസിയുടെ സാന്നിധ്യം അത്യാവശ്യമാണെന്നും അതിനാൽ 2024 വരെയെങ്കിലും താരത്തെ ക്ലബ്ബിൽ പിടിച്ചു നിർത്തണമെന്നും പി.എസ്.ജി മാനേജ്മെന്റ് തീരുമാനിച്ചിരുന്നതായി നേരത്തെ ഇ.എസ്. പി.എൻ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം ലീഗ് വണ്ണിൽ 25 മത്സരങ്ങളിൽ നിന്നും 19 വിജയങ്ങളുമായി 60 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി. എസ്.ജി.
മാർച്ച് അഞ്ചിന് നാന്റെസിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

 

Content Highlights:Lionel Messi offered €88 million per year contract and psg not interested in Mohamed Salah latest transfer news