ഖത്തർ ലോകകപ്പ് സമാപിച്ച് ദിവസങ്ങൾക്ക് ശേഷം ലീഗ് മത്സരങ്ങൾ പുനരാരംഭിച്ചിരിക്കുകയാണ്. ലോകചാമ്പ്യന്മാരായ അർജന്റൈൻ പട നാട്ടിൽ തിരിച്ചെത്തി വിജയമാഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
താരങ്ങൾ ഓരോരുത്തരായി തങ്ങളുടെ ക്ലബ്ബുകളിലേക്ക് മടങ്ങിയെങ്കിലും സൂപ്പർതാരം ലയണൽ മെസി ഇനിയും പി.എസ്.ജിയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പുറത്തായ ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയർ നേരത്തെ തന്നെ പി.എസ്.ജിയിൽ പരിശീലനം ആരംഭിച്ചിരുന്നു. ഫൈനലിൽ അര്ജന്റീനയോട് തോൽവി വഴങ്ങിയ ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയും ലോകകപ്പ് അവസാനിച്ച് മൂന്ന് ദിവസങ്ങൾക്ക് ശേഷം തന്നെ ക്ലബ്ബിലേക്ക് തിരിച്ചെത്തിയിരുന്നു.
എന്നാൽ ക്രിസ്തുമസ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മെസി പി.എസ്.ജിയിലേക്ക് തിരിച്ചുപോകാത്തത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
അതേസമയം, പി.എസ്.ജിയുമായുള്ള മെസിയുടെ കരാർ അവസാനിക്കാനിരിക്കെ ഒരു വർഷം കൂടി ക്ലബ്ബിൽ തുടരുമെന്ന് താരം ക്ലബ് ഭാരവാഹികൾക്ക് വാക്കാൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും, പി.എസ്.ജിക്കായി ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയെന്ന സ്വപ്നം കൂടി സാക്ഷാത്കരിക്കാൻ ഉണ്ടെന്ന് താരം വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
മെസിയെയും എംബാപ്പെയെയും പി.എസ്.ജിയിൽ നിലനിര്ത്തണമെന്നാണ് ആഗ്രഹമെന്ന് ക്ലബ്ബ് പ്രസിഡന്റ് നാസര് അൽ ഖലൈഫി നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകകപ്പിലെ മികച്ച താരം, മികച്ച ഗോള്നേട്ടക്കാരൻ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയവരാണ് ഇരുവരും. മെസിയും എംബാപ്പെയും ക്ലബ്ബിൽ തുടരുമെന്നാണ് പ്രതീക്ഷ.
മെസിയെ കുറിച്ച് കൂടുതൽ ഇപ്പോള് പറയുന്നില്ലെന്നും, സൂപ്പര്താരവുമായി സംസാരിക്കാന് ഒരുങ്ങുകയാണെന്നും പി.എസ്.ജി പ്രസിഡന്റ് വ്യക്തമാക്കി.