Advertisement
Sports News
21 ഗോള്‍, 11 അസിസ്റ്റ്! സൂപ്പര്‍ ടീമിലും ഇടം നേടി ലയണല്‍ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 04, 03:42 am
Wednesday, 4th December 2024, 9:12 am

2024 എം.എല്‍.എസ് ബെസ്റ്റ് ഇലവനില്‍ ഇടം നേടി ഇന്റര്‍ മയാമി ക്യാപ്റ്റന്‍ ലയണല്‍ മെസി. മേജര്‍ ലീഗ് സോക്കറിലെ ടീമുകളില്‍ നിന്നും ഈ വര്‍ഷം മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് എം.എല്‍.എസ് ബെസ്റ്റ് ഇലവന്‍ ഒരുക്കിയിരിക്കുന്നത്.

തന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി മറികടന്നാണ് മെസി ഈ സ്റ്റാര്‍ സ്റ്റഡ്ഡഡ് ടീമിലും ഇടം നേടിയത്.

 

എം.എല്‍.എസിലെ ആദ്യ ഫുള്‍ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് മെസിയെ തേടി ഈ അംഗീകാരമെത്തിയത്. സീസണില്‍ കളിച്ച 22 മത്സരത്തില്‍ നിന്നും 21 ഗോളും 11 അസിസ്റ്റുമാണ് മെസിയുടെ പേരില്‍ കുറിക്കപ്പെട്ടത്.

ലയണല്‍ മെസിക്ക് പുറമെ ബാഴ്‌സയിലും ഇപ്പോള്‍ മയാമിയിലും മെസിക്കൊപ്പം പന്തുതട്ടിയ ജോര്‍ഡി ആല്‍ബയും ഈ ടീമിന്റെ ഭാഗമാണ്.

അതേസമയം, ഉറുഗ്വേ ഇതിഹാസവും ഇന്റര്‍ മയാമി സൂപ്പര്‍ താരവുമായ ലൂയീസ് സുവാരസിന് ഇലവനില്‍ ഇടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഈ സീസണില്‍ മെസിക്കൊപ്പം തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

മയാമിക്കായി പന്തുതട്ടിയ 27 മത്സരത്തില്‍ നിന്നും 20 ഗോളും ഒമ്പത് അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ച സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിനും ബെസ്റ്റ് ഇലവനില്‍ ഇടം കണ്ടെത്താനായില്ല.

ഒമ്പത് വിവിധ ക്ലബ്ബുകളില്‍ നിന്നുമുള്ള താരങ്ങളാണ് എം.എല്‍.എസ് ബെസ്റ്റ് ഇലവന്റെ ഭാഗമായിരിക്കുന്നത്. ഇന്റര്‍ മയാമിക്ക് പുറമെ കൊളംബസ് ക്രൂവില്‍ നിന്നും രണ്ട് താരങ്ങള്‍ ഇലവന്റെ ഭാഗമാണ്.

2024 എം.എല്‍.എസ് ബെസ്റ്റ് ഇലവന്‍

 

ഗോള്‍ കീപ്പര്‍

ക്രിസ്റ്റ്യന്‍ കഹ്‌ലിന (ഷാര്‍ലെറ്റ് എഫ്.സി)

ഡിഫന്‍ഡര്‍

  1. ജോര്‍ഡി ആല്‍ബ (ഇന്റര്‍ മയാമി സി.എഫ്)
  2. യെയ്മര്‍ ഗോമസ് അന്‍ഡ്രാഡേ (സിയാറ്റില്‍ സൗണ്ടേഴ്‌സ് എഫ്.സി)
  3. സ്റ്റീവന്‍ മൊറെയ്‌റ (കൊളംബസ് ക്രൂ)

മിഡ്ഫീല്‍ഡര്‍

  1. ലൂസിയാനോ അകോസ്റ്റ (എഫ്.സി സിന്‍സിനാറ്റി)
  2. എവാന്‍ഡെര്‍ (പോര്‍ട്‌ലാന്‍ഡ് ടിംബേഴ്‌സ്)
  3. റിക്വി പ്യൂഗ് (എല്‍.എ ഗാലക്‌സി)

ഫോര്‍വേര്‍ഡ്

  1. ക്രിസ്റ്റന്‍ ബെന്റകെ (ഡി.സി യുണൈറ്റഡ്)
  2. ഡെനിസ് ബൊവാംഗ (എല്‍.എ എഫ്.സി)
  3. കൂച്ചോ ഹെര്‍ണാണ്ടസ് (കൊളംബസ് ക്രൂ)
  4. ലയണല്‍ മെസി (ഇന്റര്‍ മയാമി സി.എഫ്)

 

 

Content highlight: Lionel Messi nominated to 2024 MLS Best Eleven