Football
കളിച്ചത് വെറും 4 ലീഗ് മത്സരങ്ങൾ, ഇടം നേടിയത് രണ്ട് അവാർഡുകളിൽ; മെസി നേട്ടം സ്വന്തമാക്കുമോ?
2023 മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസി ലീഗിലെ രണ്ട് പ്രധാന അവാർഡുകൾക്കുള്ള നോമിനേഷനിൽ ഇടം നേടി. എം.എൽ.എസ് മോസ്റ്റ് വാല്യൂബിൾ പ്ലെയർ, സീസണിലെ പുതുമുഖ താരം എന്നീ അവാർഡുകൾക്കാണ് മെസി നോമിനേറ്റ് ചെയ്യപ്പെട്ടത്.
ഇന്റർ മയാമിക്ക് വേണ്ടി ലീഗിൽ വെറും നാല് മത്സരങ്ങൾ മാത്രമാണ് മെസിക്ക് കളിക്കാൻ സാധിച്ചത്. വെറും നാല് മത്സരങ്ങൾ കൊണ്ട് ഈ രണ്ട് അവാർഡുകൾക്കുള്ള പട്ടികയിൽ താരം ഇടം നേടിയത് ശ്രദ്ധേയമായി.
സമ്മർ ട്രാൻസ്ഫറിൽ ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയിന്റ് ജർമെയിനിൽ നിന്നുമാണ് സൂപ്പർതാരം മെസി അമേരിക്കയിലേക്ക് ചേക്കേറിയത്. മെസിയുടെ വരവോടുകൂടി ഇന്റർ മയാമി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്റർ മയാമിക്കായി 11 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് മെസി നേടിയത്.
മെസിയുടെ നേതൃത്വത്തിൽ ഇന്റർ മയാമി ലീഗ്സ് കപ്പ് സ്വന്തമാക്കിയിരുന്നു. ഇന്റർ മയാമിക്ക് വേണ്ടി ഏഴ് മത്സരങ്ങളാണ് താരം കളിച്ചത്. ഈ ടൂർണമെന്റിൽ താരം രണ്ട് അവാർഡുകളും സ്വന്തം പേരിലാക്കി. ടൂർണമെന്റിൽ ഏറ്റവും ഗോൾ കൂടുതൽ നേടിയ താരവും, ടൂർണമെന്റിലെ മികച്ച കളിക്കാരനുമായി മെസി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്റർ മയാമി ഈ സീസണൽ യു.എസ് ഓപ്പൺ കപ്പിന്റെ ഫൈനലിലെത്തിയിരുന്നു. എന്നാൽ ഫൈനലിൽ മയാമി പരാജയപ്പെടുകയായിരുന്നു. പരിക്ക് മൂലം മെസിക്ക് ഫൈനലിൽ കളിക്കാൻ സാധിച്ചിരുന്നില്ല. പരിക്ക് മൂലം സെപ്റ്റംബർ മുതൽ ഇന്റർ മയാമിക്ക് വേണ്ടി താരം കളിച്ചിട്ടില്ല. സൂപ്പർതാരത്തിന്റെ പരിക്ക് വലിയ തിരിച്ചടിയാണ് ഇന്റർ മയാമിക്ക് നൽകിയത്.
ലാൻഡ് ഡോവൻ എം.വി.പി അവാർഡിന്റെ 30 അംഗ പട്ടികയിലാണ് മെസി ഇടം നേടിയത്. ബാഴ്സലോണയിൽ നിന്നും ഈ സമ്മർ ട്രാൻസ്ഫറിൽ ടീമിലെത്തിയ സെർജിയോ ബുസ്ക്കറ്റ്സും പട്ടികയിൽ ഉണ്ട്. ഇന്റർ മയാമിക്ക് വേണ്ടി നാല് ലീഗ് മത്സരങ്ങളിൽ നിന്നും ഒരു ഗോളും ഒരു അസിസ്റ്റുമാണ് സ്പാനിഷ് താരത്തിന്റെ പേരിലുള്ളത്. ഇതിനോടൊപ്പം ന്യൂ കമർ ഓഫ് ദി ഇയർ അവാർഡ് ലിസ്റ്റിലും താരം ഇടം നേടി.
അവാർഡുകൾ നൽകാനുള്ള വോട്ടെടുപ്പ് ഒക്ടോബർ 10-23നും ഇടയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ക്ലബ്ബ് ടെക്നിക്കൽ സ്റ്റാഫ്, എം.എൽ.എസ് താരങ്ങൾ, പത്രപ്രവർത്തകർ, എന്നിവരാണ് അവാർഡുകൾക്കുള്ള വോട്ട് ചെയ്യുക.
Content Highlight: Lionel Messi nominated the awards in MLS