ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന കോപ്പ അമേരിക്ക മാമാങ്കം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂണ്‍ 21ന് നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉത്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന കാനഡയെയാണ് നേരിടുന്നത്.
കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്താന്‍ ആയിരിക്കും അര്‍ജന്റീന ലക്ഷ്യമിടുന്നത്.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഫുട്‌ബോള്‍ കരിയറിലെ അവസാന ടൂര്‍ണമെന്റ് ആയിരിക്കും ഇതെന്നുള്ള ചര്‍ച്ചകള്‍ വന്‍തോതില്‍ ഫുട്‌ബോള്‍ സര്‍ക്കിളുകളില്‍ ചര്‍ച്ചയായി നിലനില്‍ക്കുന്നുണ്ട്.
മറ്റൊരു മേജര്‍ ടൂര്‍ണമെന്റ് കൂടി മുന്നില്‍ എത്തി നില്‍ക്കുമ്പോള്‍ മെസിയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി ഒരു ഗോള്‍ കൂടി നേടാന്‍ മെസിക്ക് സാധിച്ചാല്‍ മേജര്‍ ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന സൗത്ത് അമേരിക്കന്‍ താരമായി മാറാന്‍ അര്‍ജന്റീനന്‍ നായകന് സാധിക്കും.
ഇതോടെ ബ്രസീലിയന്‍ ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോയുടെ റെക്കോഡ് തകര്‍ക്കാനും മെസിക്ക് സാധിക്കും. അര്‍ജന്റീനക്കായി 24 ഗോളുകളാണ് മെസി മേജര്‍ ടൂര്‍ണമെന്റുകളില്‍ നേടിയിട്ടുള്ളത്.
അര്‍ജന്റീനക്കായി അഞ്ച് ലോകകപ്പുകളിലാണ് മെസി ബൂട്ട് കെട്ടിയിട്ടുള്ളത്. 2006, 2010, 2014, 2018, 2022 എന്നീ വര്‍ഷങ്ങളിലായിരുന്നു മെസി ലോകകപ്പില്‍ അര്‍ജന്റീനന്‍ ടീമിനൊപ്പം പന്തുതട്ടിയത്.
അതേസമയം കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റകളും നേടികൊണ്ട് അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. നിലവിലെ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് മെസി നടത്തുന്നത്.
ഇതിനോടകം തന്നെ 12 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് മെസി നേടിയിട്ടുള്ളത്. താരത്തിന്റെ ഈ മിന്നും പ്രകടനം കോപ്പയിലും ഉണ്ടാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Lionel Messi Need one goal to create a new Milestone