കോപ്പ അമേരിക്കക്കും ഫൈനലിസിമക്കും ശേഷം ലോകകപ്പ് എന്ന ലക്ഷ്യവുമായാണ് അര്‍ജന്റീന ഖത്തറിലെത്തിയിരിക്കുന്നത്. അര്‍ജന്റീന കപ്പുയര്‍ത്തുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിക്കുമ്പോള്‍ പരാജയമറിയാതെയുള്ള അവരുടെ കുതിപ്പിന് ഖത്തറില്‍ വിരാമമാകുമോ എന്നതാണ് എതിരാളികള്‍ ഉറ്റുനോക്കുന്ന പ്രധാന കാര്യം.
കൂടുതല്‍ ശക്തമായ ടീമുകളുമായാണ് മെസിയും കൂട്ടരും ലോകകപ്പിനിറങ്ങുന്നതെങ്കിലും, രണ്ട് എതിരാളികള്‍ തങ്ങളെ ഭയപ്പെടുത്തുന്നുണ്ടെന്നാണ് താരം പറയുന്നത്. ഫ്രാന്‍സും ബ്രസീലുമാണ് ശക്തരായ എതിരാളികളെന്നും ഇരു ടീമുകളിലും കരുത്തരായ കളിക്കാരുണ്ടെന്നും മെസി പറഞ്ഞു.
‘ഫ്രാന്‍സ് ശക്തമായ ടീമാണ്. അവരുടെ ചില മുന്‍ നിര താരങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അവര്‍ ഇപ്പോഴും വളരെ കരുത്തുറ്റ ടീം തന്നെയാണ്. മികച്ച പരിശീലകനും അവര്‍ക്കുണ്ട്. നിലവിലെ ചാമ്പ്യന്മാരാണവര്‍.
ബ്രസീലും അതുപോലെ തന്നെയാണ്. പ്രതിഭാശാലികളായ താരങ്ങളുടെ കൂട്ടമാണ് ബ്രസീല്‍ ടീം. നെയ്മറിനെപ്പോലുള്ളവര്‍ അവര്‍ക്കുണ്ട്. വലിയ മത്സരങ്ങള്‍ കളിച്ച് അനുഭവസമ്പത്തുള്ളവര്‍ ബ്രസീലിനൊപ്പമുണ്ട്,’ മെസി പറഞ്ഞു.
കിലിയന്‍ എംബാപ്പെ, അന്റോണിയോ ഗ്രിസ്മാന്‍, ഒലിവര്‍ ജിറൗഡ്, ഉസ്മാന്‍ ഡെംബല്ലെ, കരിം ബെന്‍സമാം തുടങ്ങി മികച്ച സ്ട്രൈക്കര്‍മാരാല്‍ സമ്പന്നമാണ് ഫ്രാന്‍സ്. പോള്‍ പോഗ്ബയുടെ പരിക്കാണ് ഇത്തവണ ഫ്രാന്‍സിനെ അലട്ടുന്ന പ്രധാന പ്രശ്നം.
അര്‍ജന്റീനയപ്പോലെ തന്നെ വലിയ ആരാധക പിന്തുണയുള്ളവരാണ് ബ്രസീല്‍. ഫുട്ബോള്‍ ലോകകപ്പില്‍ കൂടുതല്‍ തവണ കരീടം നേടിയ ബ്രസീല്‍ ആറാം കിരീടമാണ് ഇത്തവണ സ്വപ്നം കാണുന്നത്.
2019 കോപ്പയിലെ ലൂസേഴ്സ് ഫൈനലില്‍ പരാജയപ്പെട്ടതിന് ശേഷം 35 മത്സരങ്ങളില്‍ സ്‌കലോണിയുടെ കുട്ടികള്‍ തോല്‍വിയറിഞ്ഞിട്ടില്ല. ഈ അപരാജിത കുതിപ്പ് ഖത്തറിലും തുടരാന്‍ തന്നെയാണ് മെസിയും അര്‍ജന്റീനയും ഒരുങ്ങുന്നത്.
ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന. സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നിവരാണ് ഗ്രൂപ്പ് സിയിലെ മറ്റ് ടീമുകള്‍. നവംബര്‍ 22നാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. സൗദി അറേബ്യയാണ് എതിരാളികള്‍. ഡിസംബര്‍ ഒന്നിനാണ് ആരാധകര്‍ കാത്തിരിക്കുന്ന മെസി – ലെവന്‍ഡോസ്‌കി ക്ലാഷ്.
Content Highlights: Lionel Messi names 2 teams that pose greatest threat to Argentina