ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ലയണല്‍ മെസി
Football
ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ലയണല്‍ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th December 2022, 7:07 pm

ഖത്തര്‍ ലോകകപ്പ് അവസാന ഘട്ടങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ കിരീട സാധ്യതയുള്ള ടീമിനെ പ്രവചിച്ച് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി. പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ പരാജയപ്പടുത്തി അര്‍ജന്റീന ക്വാര്‍ട്ടറിലെത്തി നില്‍ക്കുമ്പോഴാണ് മെസിയുടെ പ്രവചനം.

ജര്‍മനി ഒഴികെയുള്ള കിരീട ഫേവറിറ്റുകളായ ടീമുകള്‍ ഇപ്പോഴും വേള്‍ഡ് കപ്പില്‍ തുടരുന്നുണ്ട്. ബ്രസീല്‍, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ ടീമുകളെയാണ് മെസി ചൂണ്ടിക്കാണിച്ചത്. ഈ മൂന്ന് ടീമുകള്‍ക്കൊപ്പം അര്‍ജന്റീനക്കും മെസി സാധ്യത കല്പിക്കുന്നുണ്ട്.

‘വേള്‍ഡ് കപ്പില്‍ ഇതുവരെ നടന്ന മത്സരങ്ങളെല്ലാം കണ്ടു. ബ്രസീല്‍ മികച്ച ഫോമിലാണ് തുടരുന്നത്. കാമറൂണിനെതിരെയുള്ള തോല്‍വി മാറ്റി നിര്‍ത്തിയാല്‍ ബ്രസീല്‍ ഇപ്പോഴും കിരീട ഫേവറേറ്റുകള്‍ തന്നെയാണ്. ഫ്രാന്‍സിനും അതുപോലെ കിരീട സാധ്യതയുണ്ട്.

കരുത്തന്മാരായ ഫ്രഞ്ച് താരങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കന്നത്. സ്‌പെയ്‌നിനെയും മാറ്റിനിര്‍ത്താനാകില്ല. ചെറുപ്പക്കാരായ സ്പാനിഷ് താരങ്ങള്‍ മികച്ച മുന്നേറ്റം നടത്തുന്നുണ്ട്. പന്ത് കൈവശം വെക്കുന്ന കാര്യത്തില്‍ മികവ് പുലര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ട്,’ മെസി വ്യക്തമാക്കി.

അതേസമയം മികച്ച ടീമുകളിലൊന്നാണ് അര്‍ജന്റീനയെന്നും മെസി കൂട്ടിച്ചേര്‍ത്തു. ഖത്തറിലേക്ക് വരുന്നതിന് മുമ്പേ തന്നെ തങ്ങള്‍ ഫേവറേറ്റുകള്‍ ആണെന്ന് അറിയാമായിരുന്നെന്നും തുടര്‍ച്ചയായ അപരാജിത കുതിപ്പോടെയാണ് അര്‍ജന്റീന ലോകകപ്പിനെത്തിയതെന്നും മെസി പറഞ്ഞു.

അത് കളത്തില്‍ കൂടി തെളിയിക്കണമായിരുന്നുവെന്നും ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്
തുടര്‍ന്ന് നടന്ന കളികളില്‍ വീഴ്ച വരുത്താതിരിക്കാന്‍ സഹായകരമായെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജര്‍മനിയുടേത് ഞെട്ടിക്കുന്ന് തോല്‍വിയായിരുന്നെന്നാണ് മെസി പറഞ്ഞത്. എന്നാല്‍ മികച്ച ഫോമില്‍ തുടരുന്ന ഇംഗ്ലണ്ടിനെ കുറിച്ച് മെസി പരാമര്‍ശങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോളണ്ട് ആണ് അര്‍ജന്റീനയുടെ എതിരാളികള്‍.

Content Highlights: Lionel Messi named their arch-rival Brazil as one of the biggest contenders for the FIFA World Cup