സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കാനിരിക്കുമ്പോള്‍ എല്ലാ കണ്ണുകളും ലയണല്‍ മെസി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുന്നതും നോക്കിയിരിക്കുകയാണ്. കറ്റാലന്‍ ക്ലബ്ബിനെ ത്രില്ലടിപ്പിക്കുന്ന ട്രാന്‍സ്ഫറിനെ കുറിച്ച് സൂചന നല്‍കുകയാണ് സ്പോര്‍ട്ടിങ് ഡിറക്ടര്‍ മതിയു അല്‍മാനി. ലാ ലിഗയില്‍ റയല്‍ ബെറ്റിസിനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ രസകരമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഈ സീസണ്‍ അവസാനിക്കുമ്പോള്‍ താരങ്ങളുടെ കൂടുമാറ്റത്തില്‍ എന്തൊക്കെ സംഭവിക്കുമെന്ന് കാണാനാകും. ഒരു കാര്യം ഉറപ്പുനല്‍കാം, ബാഴ്സലോണയില്‍ ഇന്ററസ്റ്റിങ് ആയിട്ടുള്ള കാര്യങ്ങളാണ് നടക്കാന്‍ പോകുന്നത്,’ അലേമാനി പറഞ്ഞു.
വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ മെസി പാരീസിയന്‍ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പി.എസ്.ജി പലതവണ താരത്തിന്റെ കോണ്‍ട്രാക്ട് എക്സറ്റന്റ് ചെയ്യാനുള്ള പേപ്പറുകള്‍ മേശപ്പുറത്ത് വെച്ചിരുന്നെങ്കിലും മെസി സൈന്‍ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇതിനിടെ ക്ലബ്ബിന്റെ അനുമതിയില്ലാതെ മെസി രാജ്യം വിട്ടതിന് പി.എസ്.ജി താരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് താരം തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് സഹതാരങ്ങളോട് ക്ഷമാപണം നടത്തുകയും പി.എസ്.ജി താരത്തിന്റെ വിലക്ക് നീക്കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ മെസി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
എന്നാല്‍ ക്ലബ്ബ് മാറ്റത്തിന്റെ കാര്യത്തില്‍ മെസി തീരുമാനം എടുത്തിട്ടില്ലെന്നും ഈ സീസണ്‍ അവസാനിക്കുമ്പോള്‍ മാത്രമെ ട്രാന്‍സ്ഫറിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും താരത്തിന്റെ പിതാവും ഏജന്റുമായി ജോര്‍ജ് മെസി നിലപാട് അറിയിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് അറുതി വീഴുകയായിരുന്നു.
ലീഗ് വണ്ണില്‍ ഇതുവരെ കളിച്ച 34 മത്സരങ്ങളില്‍ നിന്ന് 25 ജയവും 78 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി. മെയ് 14ന് അജാസിയോക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.