|

ഒപ്പം കളിച്ചവനൊക്കെ തന്നെ, എന്നാല്‍ അവന്‍ ടീമില്‍ വേണ്ട; മയാമിക്ക് നിര്‍ദേശം നല്‍കി മെസി; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം ലയണല്‍ മെസി അമേരിക്കന്‍ മണ്ണില്‍ പന്ത് തട്ടിത്തുടങ്ങിയതോടെ മേജര്‍ ലീഗ് സോക്കറിന്റെ പ്രശസ്തി പതിന്‍മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ഇന്റര്‍ മയാമിയെന്ന ക്ലബ്ബും എം.എല്‍.എസും യൂറോപ്പിലെ ഫുട്‌ബോള്‍ വിചക്ഷണന്‍മാരുടെ പ്രധാന ചര്‍ച്ചാ വിഷയമായും മാറിയിരിക്കുകയാണ്.

മെസിക്ക് പുറമെ സൂപ്പര്‍ താരങ്ങളായ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിനെയും ജോര്‍ധി അല്‍ബയെയും മയാമി സ്വന്തമാക്കിയിരുന്നു. മയാമിയില്‍ പുതിയ ബാഴ്‌സയെ കെട്ടിപ്പടുക്കുകയാണെന്ന് ആരാധകരെക്കൊണ്ട് പറയിപ്പിച്ച ട്രാന്‍സ്ഫറുകളായിരുന്നു ഇത്.

ഇവര്‍ക്കൊപ്പം ഒരു കാലത്ത് ലയണല്‍ മെസിയുടെ ചിരവൈരിയും പില്‍ക്കാലത്ത് മെസിയുടെ സഹതാരവുമായ സെര്‍ജിയോ റാമോസിനെ ടീമിലെത്തിക്കാന്‍ ഇന്റര്‍ മയാമി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

എന്നാല്‍ സെര്‍ജിയോ റാമോസിനെ ടീമിലെത്തിക്കേണ്ടതില്ല എന്ന് മെസി ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ തനിക്കൊപ്പം പന്തുതട്ടിയ റാമോസിനെ തത്കാലത്തേക്ക് ടീമിലെത്തിക്കേണ്ട എന്നാണ് താരം മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയതെന്നാണ് എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെസിക്കൊപ്പം തന്നെ ബുസ്‌ക്വെറ്റ്‌സും ആല്‍ബയും റാമോസിന്റെ കാര്യത്തില്‍ വിമുഖത പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബാഴ്‌സ – റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ മത്സരത്തില്‍ മൂവരും റാമോസുമായി പലവട്ടം ഏറ്റുമുട്ടിയതാണ്. മെസി പി.എസ്.ജിയിലെത്തിയപ്പോഴും ഇരുവര്‍ക്കുമിടയിലെ അകല്‍ച്ച പൂര്‍ണമായും അവസാനിച്ചിട്ടുമില്ലായിരുന്നു.

അതേസമയം, റാമോസിനെ സ്വന്തമാക്കാന്‍ എം.എല്‍.എസിലെ മറ്റൊരു ക്ലബ്ബ് രംഗത്തുണ്ടെന്ന റിപ്പോര്‍ട്ടുകളും പുപറത്തുവന്നിരുന്നു. പി.എസ്.ജിയില്‍ കരാര്‍ അവസാനിക്കുന്ന റാമോസിനായി നിലവിലെ എം.എല്‍.എസ് ചാമ്പ്യന്‍മാരായ ലോസ് ആഞ്ചലസ് എഫ്.സിയാണ് താരത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഫിച്ചാജെസ് റിപ്പോര്‍ട്ട് ചെയ്തത്.

മെസിയും ബുസ്‌ക്വെറ്റ്സും ആല്‍ബയും അമേരിക്കന്‍ മണ്ണിലെത്തിയതോടെ മറ്റൊരു ലാ ലിഗ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോസ് ആഞ്ചലസ് റാമോസിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആരാധകര്‍ പറയുന്നത്.

മുന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും ലോസ് ബ്ലാങ്കോസില്‍ റാമോസിന്റെ സഹതാരവുമായ ഗാരത് ബെയ്ല്‍ ബൂട്ടണിഞ്ഞ ക്ലബ്ബാണ് ലോസ് ആഞ്ചലസ്.

ഇന്റര്‍ മയാമി എം.എല്‍.എസില്‍ പുതിയ ബാഴ്സയെ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ലോസ് ആഞ്ചലസ് അമേരിക്കന്‍ മണ്ണില്‍ പുതിയ റയല്‍ മാഡ്രിഡിനെ തന്നെ പടുത്തുയര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ആരാധകര്‍ ആവേശത്തോടെ പറയുന്നു.

എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും മറുപടി പറയാന്‍ ലെജന്‍ഡറി ഡിഫന്‍ഡര്‍ക്ക് മാത്രമേ സാധിക്കൂ. റാമോസിന്റെ വരവ് മേജര്‍ ലീഗ് സോക്കറിന്റെ പ്രശസ്തിയും ബ്രാന്‍ഡ് വാല്യുവും ഉയര്‍ത്തും എന്ന കാര്യത്തില്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ഒരു സംശയവുമില്ല.

Content Highlight: Lionel Messi makes it clear to Inter Miami that he does not want Sergio Ramos; Reports