പ്രശസ്ത അര്‍ജന്റൈന്‍ ടെലിവിഷന്‍ സീരീസില്‍ അഭിനയ രംഗത്തേക്കുള്ള കാല്‍വെപ്പ് നടത്തി ഇതിഹാസ താരം ലയണല്‍ മെസി. അര്‍ജന്റീനയിലെ ജനപ്രിയ ടി.വി ഷോ ആയ ‘ലോസ് പ്രൊടക്ടേഴ്‌സില്‍’ അതിഥി വേഷം ചെയ്ത് കൊണ്ടാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
സ്റ്റാര്‍ പ്ലസില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരീസില്‍ മൂന്ന് ഏജന്റുമാരുടെ കഥയാണ് പ്രമേയം. പ്രശസ്ത അര്‍ജന്റൈന്‍ അഭിനേതാക്കളായ ആന്ദ്രേസ് പരാ, അഡ്രിയാന്‍ സുവാര്‍, ഗുസ്താവോ ബെര്‍മൂഡസ് എന്നിവരാണ് ഏജന്റുമാരുടെ വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ഏകദേശം അഞ്ച് മിനിട്ടാണ് സീരീസില്‍ മെസി അഭിനയിച്ചിരിക്കുന്നത്.
മെസിയായി തന്നെയാണ് താരം സീരീസില്‍ അഭിനയിച്ചിരിക്കുന്നത്. ബിസിനസ് ആവശ്യത്തിനായി മൂന്ന് ഏജന്റുമാര്‍ മെസിയെ സമീപിക്കുന്നതും അവരോടുള്ള മെസിയുടെ സംഭാഷണവുമാണ് ദൃശ്യങ്ങളില്‍. ബ്യൂണസ് ഐറിസിലും പാരീസിലുമായാണ് സീരീസ് ചിത്രീകരിച്ചിരിക്കുന്നത്.
അതേസമയം, ഈ സീസണിന്റെ അവസാനത്തോടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ് അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ബ്രേക്ക് എടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.
1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.
ജൂലൈ 16നാണ് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ പ്രെസന്റ് ചെയ്യാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.