| Monday, 8th May 2017, 8:08 pm

ധൈര്യമുണ്ടെങ്കില്‍ കണ്ടു പിടിക്കെടാ ഒറിജിനല്‍ ഏതാണെന്ന്! സ്വന്തം അച്ഛനുപോലും മാറിപ്പോയ മെസിയുടെ അപരന്റെ കഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെഹ്‌റാന്‍: ലയണല്‍ മെസി. ആ പേരിനും പ്രതിഭയ്ക്കും പകരം വയ്ക്കാന്‍ മറ്റൊന്ന് ഈ ലോകത്തില്ല. അടിവരയിടാന്‍ വരട്ടെ, അതിന് മുമ്പ് റേസ പരസ്‌തേഷ് എന്ന ഇറാന്‍കാരനെ കാണണം. ഒറ്റ നോട്ടത്തിലെന്നല്ല ഒരൊമ്പത് നോട്ടത്തിലും റേസ മെസിയാണ്. രൂപസാമ്യമെന്ന് പറഞ്ഞ് അവസാനിപ്പിക്കാന്‍ പറ്റില്ല, ശരിക്കും ഒരച്ചില്‍ വാര്‍ത്തതുപോലെ. ട്വിറ്ററില്‍ മെസ്സിയുടെ ചിത്രത്തിന് പകരം റേസയുടെ ചിത്രം പോസ്റ്റ് ചെയ്ത ചരിത്രമുണ്ട് യൂറോസ്പോര്‍ട്ട് എന്ന വെബ്സൈറ്റിന്.

എന്നാല്‍, ഈ ആരാധനയും ആശയക്കുഴപ്പും ഇപ്പോള്‍ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ് റേസയെ. ആളുകള്‍ സെല്‍ഫിക്കായി വട്ടംകൂടി ഗതാഗതം മുടക്കിയതിന് പോലീസ് കേസടുത്തിരിക്കുകയാണ് റേസയ്ക്കെതിരെ. വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ബാഴ്സലോണയുടെ പത്താം നമ്പര്‍ ജെഴ്സിയണിഞ്ഞ മകന്റെ ഫോട്ടോ ഒരു സ്പോര്‍ട്‌സ് വെബ്സൈറ്റിന് അയച്ചുകൊടുത്ത ഫുട്ബോള്‍ ഭ്രാന്തനായ അച്ഛനാണ് റേസയുടെ പ്രശസ്തി ലോകമെങ്ങുമെത്തിച്ചത്. പിറ്റേന്ന് തന്നെ വെബ്സൈറ്റുകാര്‍ അഭിമുഖത്തിന് എത്തി. അഭിമുഖം പ്രസിദ്ധീകരിച്ചതോടെ സംഭവം കൈവിട്ടു. ആദ്യമൊക്കെ മടിച്ചുനിന്നെങ്കിലും പിന്നീട് റേസ തലമുടിയൊക്കെ വെട്ടിയൊതുക്കി അടിമുടി മെസ്സിയായി മാറി. ബാഴ്സയുടെ ജെഴ്സിയിലായി പിന്നീട് യാത്രയും ജീവിതവും.

ഇതോടെ നിന്നുതിരിയാന്‍ സമയമില്ലാതായി ഈ ഇരുപത്തിയഞ്ചുകാരന്. അഭിമുഖങ്ങളും ഫോട്ടോയെടുപ്പും മോഡലിങ്ങുമായി എന്നും തിരക്കുതന്നെ. ഇറാനിയന്‍ മെസ്സിയെ വിശേഷണം ചാര്‍ത്തിക്കൊടുത്തു ചിലര്‍. ഇപ്പോള്‍ ഫുട്ബോള്‍ മാന്ത്രികനെപ്പോലെ ചില ഫുട്ബോള്‍ പൊടിക്കൈകള്‍ പരിശീലിക്കുന്ന തിരക്കിലാണ് റേസ.

എങ്കിലും ആളുകള്‍ തന്നെ കാണുമ്പോള്‍ സന്തോഷിക്കുന്നുന്നുണ്ടെന്ന് അറിയുന്നത് ഒരുപാട് ഊര്‍ജം തരുന്നുവെന്ന് പറയുന്നു റേസ. ഇനിയൊരു മോഹമേ റേസയ്ക്കുള്ളു. എന്നെങ്കിലുമൊരിക്കല്‍ ബാഴ്സലോണയില്‍ പോവണം. തന്റെ ഒറിജിനലിനെ നേരില്‍ ഒന്ന് കാണണം.


Also Read: ‘ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കണോ?’; ഉഴുന്നും കടുകും തൈരും ചേര്‍ത്തുള്ള ആയുര്‍വേദ കൂട്ടുമായി ബി.എ.എം.എസ് സിലബസ്


റേസയുടെ മനസ്സില്‍ ഇപ്പോഴും മായാതെ കിടക്കുന്ന രസരമായ ഒരു സംഭവമുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ തൊണ്ണൂറ്റിയൊന്നാം മിനിറ്റിലെ മെസ്സിയുടെ ഗോളില്‍ ഇറാന്‍ ര്‍ജന്റീനയോട് തോറ്റ മത്സരം. ഈ മത്സരം തോറ്റതോടെയാണ് ഇറാന്റെ പ്രീക്വാര്‍ട്ടര്‍ മോഹം പൊലിഞ്ഞത്. അന്ന് അച്ഛന്‍ മകനെ വിളിച്ച് ചോദിച്ചു, “നീ എന്തിനാണ് ഇറാനെതിരെ ഗോളടിച്ചത്. ഇന്ന് വീട്ടിലേയ്ക്ക് വരേണ്ട.”

Latest Stories

We use cookies to give you the best possible experience. Learn more