| Friday, 4th November 2022, 10:54 pm

എങ്ങും പോണില്ല, സൂപ്പർതാരം പി.എസ്.ജിയിൽ തന്നെ തുടരും; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫറിൽ താരങ്ങൾ കൂടുവിട്ട് കൂടുമാറുന്ന കാഴ്ചയാണ് കാണാനിരിക്കുന്നത്. ആരൊക്കെ നിലവിലുള്ള ക്ലബ്ബുകളിൽ തന്നെ തുടരുമെന്നും ആരൊക്കെ കൂടുമാറുമെന്നുമൊക്കെ കാത്തിരുന്ന് തന്നെ കാണേണ്ടതാണ്.

എന്നിരുന്നാലും, കുറച്ചധികം കാലമായി കേട്ടുക്കൊണ്ടിരിക്കുന്നതാണ് നിലവിൽ പി.എസ്.ജിയുടെ സൂപ്പർതാരമായ ലയണൽ മെസിയുടെ ട്രാൻസ്ഫർ കഥകൾ.

എന്നാൽ താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമമിടാൻ സമയമായെന്നാണ് മാധ്യമ പ്രവർത്തകൻ റോബിൻ ബെയിർണർ പറയുന്നത്. ഈ സീസണിലെ ലീഗ് മത്സരങ്ങളിൽ മികച്ച പ്രകടനമായിരുന്നു മെസി കാഴ്ചവെച്ചത്.

അതിൽ പി.എസ്.ജി വളരെയധികം സന്തുഷ്ടരാണെന്നും എത്രയും പെട്ടെന്ന് തന്നെ താരവുമായുള്ള കരാർ പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തർ ലോകകപ്പിന് ശേഷം മാത്രമേ സൈനിങ്ങിനെ കുറിച്ച് വിവരം പറയാനാകൂ എന്നാണ് മെസി നേരത്തെ പറഞ്ഞിരുന്നതെങ്കിലും താരത്തിനും പി.എസ്.ജിയിൽ തുടരാനാണ് ആഗ്രഹമെന്ന റിപ്പോർട്ടും പ്രചരിക്കുന്നുണ്ട്.

ക്ലബ്ബിന് വേണ്ടി മികച്ച ഒരു ടൈറ്റിലെങ്കിലും നേടിക്കൊടുക്കാനായെങ്കിൽ മാത്രമേ പി.എസ്.ജി വിടുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ എന്ന് മെസി ഒരു അഭിമുഖത്തിനിടെ പറഞ്ഞതായും റിപ്പോർട്ടുണ്ട്.

മുൻ ക്ലബ്ബായ ബാഴ്‌സലോണയും ഇന്റർ മിയാമിയുമാണ് മെസിയെ സൈൻ ചെയ്യിക്കാൻ രംഗത്തെത്തിയിരിക്കുന്ന മറ്റ് രണ്ട് ടീമുകൾ.

എന്നിരുന്നാലും മെസിയുടെ ഭാഗത്ത് നിന്ന് നേരിട്ടൊരു പ്രസ്താവന ഈ വിഷയത്തിൽ ഉണ്ടായിട്ടില്ല.

വരുന്ന 20ന് ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് താരം. ഒരുപക്ഷേ ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് ലയണൽ മെസി നേരത്തെ സൂചന നൽകിയിരുന്നു.

Content Highlights: Lionel Messi likely to extend stay with Parisians, says report

We use cookies to give you the best possible experience. Learn more