ആ ഫോണ്‍ കോളിന് ശേഷമാണ് മെസി ബാഴ്‌സ വിട്ടത്; റിപ്പോര്‍ട്ട്
DSport
ആ ഫോണ്‍ കോളിന് ശേഷമാണ് മെസി ബാഴ്‌സ വിട്ടത്; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd March 2023, 8:33 pm

സാമ്പത്തിക പ്രതിസന്ധിയും ടീമിനുള്ളിലെ പ്രശ്‌നങ്ങളും കാരണം കനത്ത പ്രതിസന്ധികളാണ് കാറ്റലോണിയന്‍ ക്ലബ്ബായ ബാഴ്‌സലോണ നേരിട്ടിരുന്നത്. ക്ലബ്ബ് അനുഭവിച്ച സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നും കരകയറാനാണ് ബാഴ്‌സ മെസിയെ റിലീസ് ചെയ്തത് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ബാഴ്‌സലോണയുമായുള്ള മെസിയുടെ കരാര്‍ വിഷയം സംസാരിക്കാന്‍ താരത്തിന്റെ പിതാവും ഏജന്റും കൂടിയായ ജോര്‍ജ് മെസിയായിരുന്നു ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയെ കണ്ടിരുന്നത്.

മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ തയ്യാറായ ബാഴ്‌സ പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ജോര്‍ജ് മെസിയും ലപോര്‍ട്ടയും അന്ന് നടത്തിയ ദീര്‍ഘ നേരത്തെ ചര്‍ച്ചയില്‍ എന്താണ് സംസാരിച്ചിരുന്നതെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഉറവിടങ്ങളെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജും ബാഴ്‌സലോണ പ്രസിഡന്റ് ലപോര്‍ട്ടയും തമ്മില്‍ ചര്‍ച്ച നടത്തുകയും രണ്ട് വര്‍ഷത്തേക്ക് കൂടി മെസിയുടെ കരാര്‍ പുതുക്കാന്‍ പദ്ധതിയിടുകയും ചെയ്തിരുന്നു. ചര്‍ച്ച നീണ്ടുപോയെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് രമ്യതയിലാക്കിയതിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്.

എന്നാല്‍ ജോര്‍ജ് തിരിച്ചെത്തിയതിന് ശേഷം ലപോര്‍ട്ട അദ്ദേഹത്തെ ഫോണ്‍ ചെയ്യുകയും തീരുമാനത്തില്‍ മാറ്റമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. ക്ലബ്ബിലെ സാഹചര്യം മോശമായതിനാല്‍ മെസിയുടെ കരാര്‍ പുതുക്കാന്‍ സാധിക്കില്ലെന്നും ക്ഷമ ചോദിക്കുന്നെന്നുമാണ് ലപോര്‍ട്ട കോളിലൂടെ ജോര്‍ജിനോട് പറഞ്ഞത്.

അതേസമയം, മെസി ബാഴ്സലോണ എഫ്.സിയിലേക്ക് തിരികെ പോകാന്‍ തയ്യാറാണെന്നും എന്നാല്‍ ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബാഴ്സയില്‍ കുറഞ്ഞ വേതനത്തില്‍ സൈന്‍ ചെയ്യാന്‍ മെസി തയ്യാറാണെന്നും തന്റെ മത്സരങ്ങളില്‍ നിന്ന് ക്ലബ്ബിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് തനിക്ക് നല്‍കണമെന്ന നിബന്ധനയാണ് മെസി മുന്നോട്ടുവെച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ മെസി ബാഴ്സലോണയുമായി സൈന്‍ ചെയ്യാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെസി നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ പി.എസ്.ജിയില്‍ വരുന്ന ജൂണിലാണ് താരത്തിന്റെ കരാര്‍ അവസാനിക്കുക.

മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ പി.എസ്.ജിക്ക് ഓപ്ഷന്‍ ഉണ്ടെങ്കിലും എഫ്.എഫ്.പിയുടെ പ്രശ്നങ്ങള്‍ കാരണം ക്ലബ്ബിന് വേതന ബില്‍ കുറക്കേണ്ടതുണ്ട്. അതിനാല്‍ ജൂണില്‍ താരത്തെ റിലീസ് ചെയ്യാന്‍ തന്നെയാകും പി.എസ്.ജിയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സീസണില്‍ മെസിയും പാരീസിയന്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കാനായതോടെയാണ് ബാഴ്‌സലോണ താരത്തെ സ്വന്തമാക്കാന്‍ എത്തിയിരിക്കുന്നത്. ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ട മെസിയെ തിരികെയെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും താരം വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. പി.എസ്.ജിയുമായി കരാര്‍ പുതുക്കാന്‍ മെസി താത്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ബാഴ്‌സലോണക്ക് പുറമെ ഇന്റര്‍ മിയാമിയാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ള മറ്റൊരു ക്ലബ്ബ്.

Content Highlights: Lionel Messi left Barcelona after Laporta’s call to his father