| Sunday, 27th November 2022, 10:03 am

അഞ്ച് ലോകകപ്പില്‍ ഗോളടിച്ചതിന്റെ റെക്കോഡ് റൊണാള്‍ഡോ കൊണ്ടുപോയെങ്കില്‍ ഈ റെക്കോഡ് മെസിക്കുള്ളതാ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞദിവസം ലോകകപ്പില്‍ അര്‍ജന്റീന മെക്‌സിക്കോയെ തോല്‍പിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. തോറ്റാല്‍ ലോകകപ്പില്‍ നിന്നും തന്നെ പുറത്താകേണ്ടി വരുമെന്ന സാഹചര്യത്തിലായിരുന്നു അര്‍ജന്റീനയുടെ ഉയിര്‍ത്തെഴുന്നേല്‍പ്.

മത്സരത്തിന്റെ 64ാം മിനിട്ടിലായിരുന്നു ആദ്യ ഗോള്‍ പിറന്നത്. ലയണല്‍ മെസിയായിരുന്നു അര്‍ജന്റീനക്കായി സ്‌കോര്‍ ചെയ്തത്. ഗ്രൗണ്ടിന് വലതു വിങ്ങില്‍ നിന്ന് ലഭിച്ച പന്ത് മെസി ബോക്സിന് പുറത്തു നിന്ന് അനായാസം വലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പിലെ മെസിയുടെ രണ്ടാമത്തെ ഗോളാണിത്.

അര്‍ജന്റീനയുടെ രണ്ടാം ഗോളിലും മെസിയുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു. എന്‍സോ ഫെര്‍ണാണ്ടസ് നേടിയ ഗോളിന് വഴിയൊരുക്കിയത് ലയണല്‍ മെസിയായിരുന്നു. ഇതോടെ അഞ്ച് ലോകകപ്പില്‍ അസിസ്റ്റ് ചെയ്യുന്ന ആദ്യ താരം എന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയിരിക്കുന്നത്.

2006ല്‍ സെര്‍ബിയക്കെതിരെ അസിസ്റ്റ് നല്‍കിക്കൊണ്ടായിരുന്നു മെസി തന്റെ ലോകകപ്പ് ക്യാമ്പെയ്‌ന് തുടക്കം കുറിച്ചത്. ഇതോടെ ലോകകപ്പില്‍ ഗോളും അസിസ്റ്റും സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും മെസി സ്വന്തമാക്കിയിരുന്നു.

ഇതിനൊപ്പം തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കൂടിയ താരം എന്ന നേട്ടവും കഴിഞ്ഞ മത്സരത്തിന് പിന്നാലെ മെസി സ്വന്തമാക്കിയിരിക്കുകയാണ്.

അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ മെസിയുടെ 53ാമത് അസിസ്റ്റാണിത്.

മെസിയുടെ ഗോളിനൊടൊപ്പം ചേര്‍ത്തുവെക്കേണ്ട ഗോളായിരുന്നു 21 കാരനായ എന്‍സോ ഫെര്‍ണാണ്ടസിന്റേത്. മെക്‌സിക്കോയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ ഒച്ചാവോക്ക് ഒന്ന് തൊട്ടുനോക്കാന്‍ പോലും കഴിയാത്ത വേഗതയിലായിരുന്നു ഫെര്‍ണാണ്ടസ് തൊടുത്തുവിട്ട പന്തിന്റെ വേഗത.

അര്‍ജന്റീന – മെക്‌സിക്കോ മത്സരം കാണാന്‍ റെക്കോഡ് ആരാധകരായിരുന്നു ലുസൈല്‍ സ്‌റ്റേഡിയത്തിലെത്തിയത്. 88,966 ആളുകളായിരുന്നു ലുസൈല്‍ സ്‌റ്റേഡിയത്തിലെത്തി മത്സരം നേരിട്ട് കണ്ടത്.

ഇതിന് മുമ്പ് നടന്ന സൗദി അറേബ്യ – അര്‍ജന്റീന മത്സരത്തിലെ ലൈവ് ഓഡിയന്‍സിന്റെ റെക്കോഡ് മറികടന്നുകൊണ്ടായിരുന്നു ബ്രസീല്‍ – സെര്‍ബിയ മത്സരത്തില്‍ കാണികള്‍ സ്റ്റേഡിയത്തിലേക്കെത്തിയത്. 88, 012 പേരാണ് സൗദി – അര്‍ജന്റീന മത്സരം സ്റ്റേഡിയത്തിലെത്തി കണ്ടത്.

അര്‍ജന്റീന – മെക്സിക്കോ മത്സരത്തിലേത് ഈ ലോകകപ്പിലെ മാത്രമല്ല, കഴിഞ്ഞ 28 വര്‍ഷത്തെ ഏറ്റവും വലിയ ലൈവ് ക്രൗഡാണിത്.

1994 ലോകകപ്പ് ഫൈനല്‍ മത്സരത്തിലാണ് ഏറ്റവുമധികം ആളുകള്‍ സ്റ്റേഡിയത്തിലെത്തിയത്. 94,194 ആളുകളാണ് ബ്രസീല്‍ – ഇറ്റലി ഫൈനല്‍ മത്സരം കാണാന്‍ കാലിഫോര്‍ണിയയിലെ റോസ് ബൗള്‍ സ്റ്റേഡിയത്തിലെത്തിയത്.

നിര്‍ണായക മത്സരം വിജയിച്ചതോടെ അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. പുറത്താകാതിരിക്കാന്‍ വിജയം അനിവാര്യമായിരുന്ന അര്‍ജന്റീനക്ക് നിലവില്‍ പോളണ്ടിന് പിറകില്‍ സൗദിക്കൊപ്പം മൂന്ന് പോയിന്റായി.

ഇനി ഡിസംബര്‍ ഒന്നിന് പോളണ്ടുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. മത്സരത്തില്‍ വിജയിച്ചാല്‍ അര്‍ജന്റീനക്ക് പ്രീക്വാര്‍ട്ടര്‍ കളിക്കാം.

Content Highlight: Lionel Messi is the first player to assist in five FIFA World Cups

We use cookies to give you the best possible experience. Learn more