യുവതാരങ്ങള്‍ ഫുട്‌ബോളില്‍ പുതിയ റെക്കോഡുകള്‍ തീര്‍ക്കും; അപ്പോഴും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ തിളങ്ങിനില്‍ക്കും: മുന്‍ പി.എസ്.ജി താരം
Football
യുവതാരങ്ങള്‍ ഫുട്‌ബോളില്‍ പുതിയ റെക്കോഡുകള്‍ തീര്‍ക്കും; അപ്പോഴും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ തിളങ്ങിനില്‍ക്കും: മുന്‍ പി.എസ്.ജി താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th May 2023, 2:19 pm

ക്ലബ്ബ് ഫുട്ബോളില്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരം ക്ലബ്ബില്‍ തുടരുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ക്ലബ്ബിന്റെ അനുമതിയില്ലാതെ രാജ്യം വിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ക്ലബ്ബിലെ പരിശീലനത്തിന് നില്‍ക്കാതെ മെസി കുടുംബത്തോടൊപ്പം സൗദി അറേബ്യ സന്ദര്‍ശിച്ചതിന് പി.എസ്.ജി താരത്തെ രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. തൊട്ടുപിന്നാലെ മെസി ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജി വിടുമെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

മെസിക്കെതിരെ പി.എസ്.ജി ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ താരത്തെ പ്രശംസിച്ച് മുന്‍ പി.എസ്.ജി താരം മാക്‌സ്വെല്‍ പറഞ്ഞ വാചകങ്ങള്‍ ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍. പാരീസിയന്‍ ക്ലബ്ബില്‍ കിലിയന്‍ എംബാപ്പെയെക്കാള്‍ മെസിയാണ് മികച്ചതെന്നാണ് മാക്‌സ്വെല്‍ പറഞ്ഞത്.

മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ടിനൊപ്പം അടുത്ത പത്ത് വര്‍ഷം ഫുട്‌ബോളില്‍ തിളങ്ങി നില്‍ക്കാന്‍ പോകുന്ന താരമാണ് എംബാപ്പെയെന്നും എന്നാല്‍ മെസിയുടെ തട്ട് ഇവര്‍ക്കിടയില്‍ താണുതന്നെ കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് മീഡിയ ഔട്‌ലെറ്റായ കനാല് പ്ലസിനോടാണ് മാക്‌സ്വെല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എന്നെ സംബന്ധിച്ച് മെസിയാണ് എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍. എന്നാല്‍ എര്‍ലിങ് ഹാലണ്ടിനെ കുറിച്ച് പറയുന്നത് പോലെ അടുത്ത പത്ത് വര്‍ഷം ഫുട്‌ബോളില്‍ തിളങ്ങി നില്‍ക്കാന്‍ പോകുന്ന താരമാണ് എംബാപ്പെ.

ഇരുവര്‍ക്കും ഭാവിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മെസിയുടെയും സ്ഥാനം കവര്‍ന്നെടുക്കാനുള്ള കഴിവും മികവുമുണ്ട്. തള്ളിക്കളയാനാകാത്ത പ്രതിഭയുള്ള താരമാണ് എംബാപ്പെ. യുവതാരങ്ങള്‍ പുതിയ റെക്കോഡുകള്‍ തീര്‍ക്കുമ്പോഴും ഫുട്‌ബോളിലെ മെസിയുടെ നേട്ടങ്ങള്‍ തിളങ്ങി നില്‍ക്കും,’ മാക്‌സ്വെല്‍ പറഞ്ഞു.

അതേസമയം, ലീഗ് വണ്ണില്‍ ലോറിയന്റിനെതിരായ മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെയായിരുന്നു മെസിയുടെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസിഡറായ മെസി പി.എസ്.ജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും താരത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്നും തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം മെസി സൗദിയിലേക്ക് പോവുകയായിരുന്നെന്നുമായിരുന്നു റിപ്പോര്‍ട്ട്.

Content Highlights: Lionel Messi is the best than Kylian Mbappe, says Maxwell