ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന 27ാം റൗണ്ട് മത്സരത്തില്‍ പി.എസ്.ജി വിജയിച്ചിരുന്നു. ബ്രെസ്റ്റുമായി നടന്ന ഏറ്റുമുട്ടലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. കാര്‍ലോസ് സോളര്‍ ആണ് 37ാം മിനിട്ടില്‍ പി.എസ്.ജിക്കായി ആദ്യ ഗോള്‍ നേടിയത്.
എന്നാല്‍ 43ാം മിനിട്ടില്‍ ഫ്രാങ്കിന്റെ ഗോളിലൂടെ ബ്രെസ്റ്റ് സമനില പിടിച്ചിരുന്നു. തുടര്‍ന്ന് ഗോള്‍ കണ്ടെത്താന്‍ പി.എസ്.ജി പാടുപെട്ടെങ്കിലും 90ാം മിനിട്ടില്‍ മെസിയുടെ തകര്‍പ്പന്‍ അസിസ്റ്റിലൂടെ എംബാപ്പെ വിജയഗോള്‍ നേടി. ഇതോടെ ക്ലബ്ബ് കരിയറില്‍ 300 അസിസ്റ്റുകള്‍ അക്കൗണ്ടിലാക്കിയിരിക്കുകയാണ് മെസി.
ഈ സീസണില്‍ ഫ്രഞ്ച് ലീഗില്‍ മെസി നേടുന്ന 13ാം അസിസ്റ്റ് ആണിത്. എല്ലാ ക്ലബ്ബ് കോമ്പറ്റീഷനിലുമായി 17 അസിസ്റ്റുകള്‍ താരം ഈ സീസണില്‍ പൂര്‍ത്തിയാക്കി. 300 ക്ലബ് കരിയര്‍ അസിസ്റ്റുകളും 353 സീനിയര്‍ കരിയര്‍ അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.
നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. മെസിയുടെ ഇടതുകാല്‍ വിലമതിക്കാനാകാത്തതാണെന്നും ഫുട്‌ബോള്‍ ചരിത്രത്തിലെ പ്ലേമേക്കറാണ് മെസിയെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.
Lionel Messi reaches 300 club assists after tonight’s one to Mbappé between Barcelona and PSG — and he’s in the history again. 🔵🅰️🇦🇷 #Messipic.twitter.com/k6h7reor37
ബ്രെസ്റ്റിനെതിരായ ജയത്തോടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏല്‍ക്കേണ്ടി വന്ന നാണക്കേടില്‍ നിന്ന് പി.എസ്.ജി ഒന്നുകരകയറിയിട്ടുണ്ട്. ബയേണിനെതിരെ തോല്‍വി വഴങ്ങിക്കൊണ്ടായിരുന്നു സൂപ്പര്‍താരങ്ങളായ മെസി, നെയ്മര്‍, എംബാപ്പെ ത്രയം അടങ്ങിയ പി.എസ്.ജിക്ക് ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകേണ്ടി വന്നത്.
അതേസമയം, കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് സര്‍ജറിക്ക് വിധേയനായ നെയ്മറിന് പി.എസ്.ജിയുടെ കഴിഞ്ഞ മത്സരങ്ങള്‍ നഷ്ടമായിരുന്നു. നാല് മാസത്തോളം വിശ്രമം ആവശ്യമുള്ളതിനാല്‍ താരം ഈ സീസണില്‍ കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.