| Sunday, 25th June 2023, 4:07 pm

'ഉറ്റ സുഹൃത്ത് വിരമിച്ചതിന് ശേഷം ദേശീയ ടീമില്‍ ഒറ്റപ്പെട്ട് മെസി'

സ്പോര്‍ട്സ് ഡെസ്‌ക്

സഹതാരങ്ങള്‍ വളരെ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും നോക്കി കാണുന്ന, കളത്തില്‍ എല്ലായിപ്പോഴും അടുത്തു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന, എല്ലാവരുടെയും ആരാധനാപാത്രമായ മെസി ചില നേരത്ത് ഏകാന്തനായിട്ടിരിക്കുന്നത് കാണാറുണ്ട്.

ദേശീയ ടീമില്‍ സഹതാരങ്ങള്‍ റൂം പങ്കിടുമ്പോള്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ശേഷം മെസി തനിച്ചാണ്. തനിക്കേറ്റവും പ്രിയപ്പട്ട കളിക്കാരനും ഉറ്റ ചങ്ങാതിയുമായ സെര്‍ജിയോ അഗ്വേറോ ഫുട്‌ബോള്‍ മതിയാക്കിയതോടെയാണ് ഇനിയങ്ങ് കൂട്ടിനാരും മുറിയില്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് മെസി എത്തിയത്. 2011 മുതല്‍ മെസിക്ക് ഒപ്പം റൂം പങ്കിട്ടിരുന്നത് സെര്‍ജിയോ അഗ്വേറോയായിരുന്നു.

കഴിഞ്ഞ കോപ്പ അമേരിക്ക ടൂര്‍ണമെന്റ് വരെ അഗ്വേറോ മെസിക്ക് ഒപ്പമായിരുന്നു. എന്നാല്‍ ഹൃദ്രോഗം മൂലം അഗ്യൂറോ കളി മതിയാക്കിയതോടെ മെസി തനിച്ചായി. പിന്നീട് മുറി പങ്കിടാന്‍ മറ്റൊരാള്‍ വേണ്ടെന്ന് മെസി തീരുമാനിക്കുകയായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം സുവാരസ് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് ശാശ്വതമായി മുക്തനാകാത്തതിനാലാണ് 36കാരനായ താരം ഈ തീരുമാനമെടുത്തതെന്നും കളി മതിയാക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രെമ്യോയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പോര്‍ട് മാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2021ല്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം സെര്‍ജിയോ അഗ്വേറോ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന സമയത്ത് താരത്തിന് ശ്വാസ തടസം അനുഭവപ്പെടുകയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

പിന്നീട് നടത്തിയ പരിശോധനയിലാണ് താരത്തിന് അസുഖം സ്ഥിരീകരിച്ചത്. 2021ല്‍ തന്നെ അഗ്വേറോ ഫുട്ബോളില്‍ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്സക്ക് വേണ്ടി വളരെ കുറഞ്ഞ മത്സരങ്ങളില്‍ മാത്രമായിരുന്നു അഗ്വേറോ കളിച്ചിരുന്നത്.

കഴിഞ്ഞ മാസമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിയുന്നത്. രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിച്ചതിന് ശേഷം താരം പാരീസിയന്‍ ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുകയായിരുന്നു.

തുടര്‍ന്ന് താരം തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം കരുതിയിരുന്നതെങ്കിലും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസി അമേരിക്കന്‍ ലീഗായ എം.എല്‍.എസുമായി ധാരണയിലെത്തുകയായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി ഒപ്പുവെക്കുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടും.

Content Highlights: Lionel Messi is alone after Aguero retires for National team

We use cookies to give you the best possible experience. Learn more