| Friday, 18th August 2023, 11:39 am

മെസി മാജിക്; ഗോള്‍ഡന്‍ ബൂട്ട് ഉറപ്പിച്ച് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

അമേരിക്കന്‍ ലീഗായ ഇന്റര്‍ മയാമിയിലെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മയാമി വിജയിച്ചിരുന്നു. ഫിലാഡല്‍ഫിയക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മയാമിയുടെ ജയം.

മയാമിക്കായി ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകള്‍ മെസി അക്കൗണ്ടിലാക്കി കഴിഞ്ഞു. ഫൈനലിലെത്തിയതോടെ മയാമി 2024 കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടി. ഇതാദ്യമായാണ് ഇന്റര്‍ മയാമി ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടുന്നത്.

ലീഗ്‌സ് കപ്പിന്റെ ടോപ്പ് സ്‌കോറര്‍ നിലവില്‍ ലയണല്‍ മെസിയാണ്. ഒമ്പത് ഗോളുകളുമായി മെസി ഒന്നാം സ്ഥാനത്താണ്. ആറ് ഗോളുകള്‍ അക്കൗണ്ടിലാക്കിയ ഡെന്നീസ് ബൗഗോയാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ എല്‍.എ.എഫ്.സി എന്ന ബൗഗോയുടെ ക്ലബ്ബ് ഇതിനകം ലീഗ്‌സ് കപ്പില്‍ നിന്ന് പുറത്തായിട്ടുണ്ട്. അഞ്ച് വീതം ഗോളുകളുമായി ജെര്‍മന്‍ ബെര്‍റ്ററമും ബ്രാന്റണ്‍ വാസ്‌ക്വെസും അടുത്ത സ്ഥാനങ്ങളിലുണ്ട്. എന്നാല്‍ ഇവരുടെ ടീമുകളും ലീഗ്‌സ് കപ്പില്‍ നിന്ന്‌ പുറത്തായിട്ടുണ്ട്.

ഇനി ടൂര്‍ണമെന്റില്‍ വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഫൈനല്‍ പോരാട്ടവും മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരവുമാണ് ലീഗ്‌സ് കപ്പില്‍ അരങ്ങേറാനുള്ളത്. ഗോള്‍ സ്‌കോറിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്നത് ഇന്റര്‍ മയാമിയിലെ മെസിയുടെ സഹതാരമായ റോബേര്‍ട്ട് ടെയ്‌ലറാണ്. നാല് ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

ഫിലാഡെല്‍ഫിയ സൂപ്പര്‍ താരം ഡാനിയേല്‍ ഗാസ്ഡാഗും നാല് ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ഒറ്റ മത്സരത്തില്‍ ഈ താരങ്ങള്‍ക്ക് അഞ്ചിലധികം ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നിരിക്കെ ലീഗ്‌സ് കപ്പിലെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്നത് മെസി തന്നെയായിരിക്കുമെന്നാണ് കണക്ക് കൂട്ടലുകള്‍.

അമേരിക്കന്‍ ലീഗില്‍ ലയണല്‍ മെസിയുടെ ആദ്യ ടൂര്‍ണമെന്റാണ് ലീഗ്‌സ് കപ്പ്. തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മെസി ഇന്റര്‍ മയാമിയെ ലീഗ്‌സ് കപ്പ് ജേതാക്കളാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

Content Highlights: Lionel Messi is about to win Golden Boot in Leagues cup

We use cookies to give you the best possible experience. Learn more