ഫുട്ബോള്‍ ലോകത്തെ ഇതിഹാസ താരമാണ് ലയണല്‍ മെസി. ഇപ്പോള്‍ 2024 എം.എല്‍.എസ് ലീഗില്‍ താരം തകര്‍പ്പന്‍ നേട്ടമാണ് കാവരിച്ചിരിക്കുന്നത്. ഇന്റര്‍ മയാമിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരം സീസണിലെ ലാന്‍ഡന്‍ ഡോണോവന്‍ എം.എല്‍.എസ് മോസ്റ്റ് വാല്യുബ്ള്‍ പ്ലെയര്‍ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.
ഈ വര്‍ഷം ഇന്റര്‍ മിയാമിക്ക് വേണ്ടി 21 ഗോളുകളും 17 അസിസ്റ്റുകളും താരം സ്വന്തമാക്കി. മയാമിയെ സീസണില്‍ 74 പോയിന്റിന്റെ റെക്കോഡോടെ സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡും നേടിക്കൊടുക്കാന്‍ മെസിക്ക് സാധിച്ചു. എം.എല്‍.എസില്‍ മയാമിയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്ക് വഹിച്ച താരമാണ് മെസി.
‘തീര്‍ച്ചയായും നിങ്ങളില്‍ നിന്നെല്ലാം ഈ അവാര്‍ഡ് ഏറ്റുവാങ്ങുന്നത് എനിക്ക് ഒരുപാട് ബഹുമാനമുണ്ട്. നിങ്ങളെല്ലാവരും പരിശീലിക്കുന്നത് കാണുന്നതില്‍ അഭിമാനവുമുണ്ട്. എല്ലാ ദിവസവും ഇവിടെ ഉണ്ടായിരിക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ നഗരത്തില്‍, വളരുന്ന ഈ ക്ലബ്ബില്‍ ആയിരിക്കുന്നതില്‍ സന്തോഷമാണ്… ദിനംപ്രതി വളരുക, നിങ്ങളുടെ സ്വപ്നങ്ങള്‍ക്കായി പോരാടാനും പരിശ്രമിക്കാനും നിങ്ങള്‍ക്ക് കഴിയട്ടേ,’ മെസി ചടങ്ങില്‍ പറഞ്ഞു.
എട്ട് ബാലണ്‍ ഡി ഓര്‍ അവാര്‍ഡുകളും മൂന്ന് ഫിഫ വേള്‍ഡ് പ്ലെയര്‍ ഓഫ് ദി ഇയര്‍ ബഹുമതികളും ഉള്‍പ്പെടെ ഒട്ടനവധി നേട്ടങ്ങളാണ് മെസി സ്വന്തമാക്കിയത്. ഇതുവരെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 850 ഗോള്‍ നേടി മിന്നും പ്രകടനം കാഴ്ചവെക്കാനും ഇതിഹാസ താരത്തിന് സാധിച്ചു. ക്ലബ് ലെവലില്‍ 474 ഗോളും ഇന്റര്‍ നാഷണല്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി 112 ഗോളും അക്കൗണ്ടിലാക്കിയാണ് മെസിയുടെ മുന്നേറ്റം.
Content Highlight: Lionel Messi In Great Achievement In Major League Soccer