football news
ഇരട്ടി മധുരം; വീണ്ടും റെക്കോര്‍ഡ് നേട്ടവുമായി മെസി
സ്പോര്‍ട്സ് ഡെസ്‌ക്
2022 Dec 13, 08:32 pm
Wednesday, 14th December 2022, 2:02 am

ഖത്തര്‍ ലോകകപ്പില്‍ സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടിയതോടെ
അര്‍ജന്റീനക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന റെക്കോര്‍ഡ് തന്റെ പേരിലാക്കി ലയണല്‍ മെസി.

അര്‍ജന്റീനയുടെ മുന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡാണ് മെസി മറിടന്നത്. 11 ഗോളുകളാണ് മെസി ലോകകപ്പില്‍ നേടിയത്. 10 ഗോളുകളാണ് ബാറ്റിസ്റ്റ്യൂട്ടക്ക് ഉണ്ടായിരുന്നത്. ഫിഫ ലോകകപ്പിന്റെ 2006, 2014, 2018, 2022 പതിപ്പുകളിലാണ് മെസി ഗോള്‍ സ്‌കോര്‍ ചെയ്തത്.

2022ലെ ലോകകപ്പിലെ അഞ്ചാം ഗോളാണ് ക്രൊയേഷ്യക്കെതിരെ മെസി നേടിയത്, പെനാല്‍ട്ടിയില്‍ നേടുന്ന മൂന്നാം ഗോളും. ഇതോടെ ഈ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഫ്രഞ്ച് താരം എംബാപ്പെക്കൊപ്പമെത്തി മെസി. ക്വാര്‍ട്ടര്‍ വരെയുള്ള മത്സരങ്ങള്‍ കഴിയുമ്പോള്‍ അഞ്ച് ഗോളുകളാണ് എംബാപ്പെ നേടിയത്.

അതേസമയം, ഈ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന താരമെന്ന ജര്‍മനിയുടെ ലോത്തര്‍ മത്തേവൂസിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ മെസിക്കായി.

ഇരുവരും 25 മത്സരങ്ങളിലാണ് ലോകകപ്പിലിറങ്ങിയത്. 24 മത്സരങ്ങള്‍ കളിച്ച ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയാണ് രണ്ടാമതുള്ളത്.

അതോടൊപ്പം ലോകകപ്പില്‍ ഡീഗോ മറഡോണയുടെ പേരിലുളള എട്ട് അസിസ്റ്റുകളിലെത്താന്‍ ലയണല്‍ മെസിക്ക് ഇനിയൊരൊറ്റ അസിസ്റ്റ് കൂടി മതി.