|

ആദ്യ കളിയിൽ തന്നെ മെസിക്ക് ചരിത്രനേട്ടം; രാജകീയമായി തേരോട്ടം തുടങ്ങി അർജന്റീന

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനക്ക് ജയത്തോടെ തുടക്കം. മാഴ്‌സസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്.

അര്‍ജന്റീനക്കായി മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരസ്, ലൗട്ടാറോ മാര്‍ട്ടിനെസ് എന്നിവരാണ് ഗോളുകള്‍ നേടിയത്.

മത്സരത്തിന്റെ ആദ്യപകുതി ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതി തുടങ്ങി നാല് മിനിട്ടുകള്‍ക്കുള്ളില്‍ അല്‍വാരസിലൂടെയാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്.

ഒടുവില്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ലൗട്ടാറോയിലൂടെ അര്‍ജന്റീന രണ്ടാം ഗോളും നേടി. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഈ ഗോളിന് വഴിയൊരുക്കിയത്. കാനഡ പ്രതിരോധത്തെ കീറിമുറിച്ചുള്ള മെസിയുടെ പാസില്‍ നിന്നുമാണ് ലൗട്ടാറോ ഗോള്‍ നേടിയത്.

ഈ അസിസ്റ്റിന്‌ പിന്നാലെ ഒരു ചരിത്രനേട്ടവും മെസി സ്വന്തമാക്കി. കോപ്പ അമേരിക്കയുടെ ഏഴ് വ്യത്യസ്ത പതിപ്പുകളില്‍ അസിസ്റ്റുകള്‍ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് അര്‍ജന്റീനന്‍ ഇതിഹാസം സ്വന്തമാക്കിയത്. കോപ്പ അമേരിക്കയിലെ മെസിയുടെ 18ാം അസിസ്റ്റ് ആയിരുന്നു ഇത്.

മത്സരത്തില്‍ 65 ശതമാനം ബോള്‍ പൊസഷനും മെസിയുടെയും കൂട്ടരുടെയും അടുത്തായിരുന്നു. 19 ഷോട്ടുകളാണ് കാനഡയുടെ പോസ്റ്റിലേക്ക് അര്‍ജന്റീന ഉതിര്‍ത്തത്. ഇതില്‍ ഒമ്പത് എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് പത്ത് ഷോട്ടുകള്‍ വായിച്ച രണ്ട് ഷോട്ടുകള്‍ മാത്രമേ ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സാധിച്ചത്.

ജയത്തോടെ ഗ്രൂപ്പ് എ യില്‍ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്താനും അര്‍ജന്റീനക്ക് സാധിച്ചു. ജൂണ്‍ 26ന് ചിലിക്കെതിരെയാണ് മെസിയുടെയും കൂട്ടരുടെയും അടുത്ത മത്സരം.

Content Highlight: Lionel Messi Historical Record In Copa America

Latest Stories

Video Stories