2023 മേജര്‍ ലീഗ് സോക്കറിലെ ഈ സീസണിലെ മികച്ച പുതുമുഖതാരങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ക്കായുള്ള പട്ടികയില്‍ ഇടം നേടി ഇന്റര്‍ മയാമി സൂപ്പര്‍ താരം ലയണല്‍ മെസി.
എം.എല്‍.എസ് ന്യൂകമ്മര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനുള്ള നോമിനേഷനിലാണ് താരം ഇടം നേടിയത്. മികച്ച പുതുമുഖ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് മെസി ഇടം നേടിയത്.
ഈ സീസണില്‍ ലീഗില്‍ ഇന്റര്‍ മയാമിക്കായി വെറും ആറ് മത്സരങ്ങള്‍ മാത്രമേ മെസിക്ക് കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇത്രയും കുറച്ച് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടും സൂപ്പര്‍ താരം നോമിനേഷനില്‍ ആദ്യ മൂന്നില്‍ ഇടം നേടിയത് ഏറെ ശ്രദ്ധേയമായി.
ഈ സീസണിലാണ് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും മെസി ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത്. സൂപ്പര്‍താരത്തിന്റെ വരവോടുകൂടി ഇന്റര്‍ മയാമി മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. മയാമിക്കായി 14 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് മെസി നേടിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് മെസിയുടെ നേതൃത്വത്തില്‍ മയാമി സ്വന്തമാക്കി. ചുരുങ്ങിയ കാലയളവിലുള്ള ഈ മികച്ച പ്രകടനങ്ങളാണ് മെസിയെ ഏറ്റവും മികച്ച പുതുമുഖതാരത്തിനുള്ള അവാര്‍ഡില്‍ മുന്‍ പന്തിയില്‍ എത്തിച്ചത്.
അറ്റ്ലാന്റ യുണൈറ്റഡിന്റെ ജോര്‍ജിയോസ് ജിയാകൂമാക്കിസും സെന്റ് ലൂയിസ് സിറ്റിയുടെ എഡ്വേര്‍ഡ് ലോവനുമാണ് മെസിയുടെ മുന്നില്‍ എതിരാളികളായി ഉള്ളത്. മെസിക്ക് ഈ അവാര്‍ഡ് സ്വന്തമാക്കാന്‍ ഈ രണ്ട് താരങ്ങളുമായും മത്സരിക്കേണ്ടിവരും.
എം.എല്‍.എസ് താരങ്ങള്‍, കളിക്കാര്‍, എം.എല്‍.എസ് ക്ലബ്ബ് സ്റ്റാഫ് അംഗങ്ങള്‍, മീഡിയ അംഗങ്ങള്‍ എന്നിവരുടെ വോട്ടിങ്ങിലൂടെയാണ് മികച്ച പുതുമുഖ താരങ്ങളെ തെരഞ്ഞെടുത്തത്.
അരങ്ങേറ്റ സീസണില്‍ തന്നെ ഈ അവാര്‍ഡ് മെസി സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Lionel Messi have nominated the best newcomer of the season award in MLS.