'മെസി എംബാപെയുടെ കീഴില്‍ കളിക്കണം, താരത്തിന് പന്തെത്തിച്ചു കൊടുക്കല്‍ മാത്രമായിരിക്കണം മെസി ചെയ്യേണ്ടത്' ; ചര്‍ച്ചയായി മുന്‍ ചെല്‍സി താരത്തിന്റെ വാക്കുകള്‍
Football
'മെസി എംബാപെയുടെ കീഴില്‍ കളിക്കണം, താരത്തിന് പന്തെത്തിച്ചു കൊടുക്കല്‍ മാത്രമായിരിക്കണം മെസി ചെയ്യേണ്ടത്' ; ചര്‍ച്ചയായി മുന്‍ ചെല്‍സി താരത്തിന്റെ വാക്കുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th September 2021, 4:35 pm

പാരീസ്: പി.എസ്.ജിയില്‍ മെസി എംബാപെയ്ക്ക് കീഴില്‍ കളിക്കണമെന്ന് മുന്‍ ചെല്‍സി താരം നിക്കോളാസ് അനെല്‍ക്ക. ബാഴ്‌സയില്‍ മികവ് പുലര്‍ത്തിയ മെസിയ്ക്ക് പി.എസ്.ജിയില്‍ അതിനാവുന്നില്ലെന്നും, മുന്നേറ്റ നിരയില്‍ എംബാപെയ്ക്ക് പന്തെത്തിച്ചു നല്‍കുന്ന ചുമതലയായിരിക്കണം മെസി ചെയ്യേണ്ടതെന്നും അനെല്‍ക്ക പറയുന്നു.

‘പി.എസ്.ജിയുടെ ആക്രമണം നയിക്കേണ്ടത് മെസിയല്ല എംബാപെയാണ്, കാരണം എംബാപെയാണ് നമ്പര്‍ വണ്‍. ബാഴ്‌സയില്‍ മെസി ഒന്നാമനായിരിക്കാം എന്നാല്‍ പി.എസ്.ജിയില്‍ താരത്തിന് അതിന് കഴിയുന്നില്ല. മുന്നേറ്റത്തില്‍ എംബാപെയെ സഹായിക്കേണ്ട ചുമതല മാത്രമാണ് മെസി ചെയ്യേണ്ടത്,’ അനെല്‍ക്ക പറയുന്നു.

ടീമില്‍ എംബാപെ മെസിയേക്കാള്‍ സീനിയര്‍ ആണെന്നും അക്കാരണം കൊണ്ട് തന്നെ മെസി എംബാപെയെ ബഹുമാനിക്കണെമന്നും അനല്‍ക്ക പറയുന്നു.

‘വേഗതയുടെ കാര്യത്തില്‍ എംബാപെയ്ക്ക് പകരം വെക്കാന്‍ ഈ ഭൂമിയില്‍ ആരുമില്ല. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ഇംഗ്ലണ്ടിലോ സ്‌പെയിനിലോ ആയിരുന്നെങ്കില്‍ എംബാപെയ്ക്ക് ബാലണ്‍ ഡി ഓര്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ ലഭിക്കുമായിരുന്നു.

എംബാപെയെ ടീമില്‍ നിന്നും ഒഴിവാക്കരുത്. പി.എസ്.ജിയ്ക്ക് മികച്ച ടീമായി തുടരണമെങ്കില്‍ എംബാപെയെ നിലനിര്‍ത്തണം,’ അനല്‍ക്ക പറഞ്ഞു.

സീസണില്‍ പി.എസ്.ജിയ്ക്കായി ഗോള്‍ കണ്ടെത്താന്‍ പാടുപെടുകയാണ് മെസി. കളിച്ച മൂന്ന് കളികളില്‍ നിന്നും ഒരു ഗോള്‍ പോലും നേടാന്‍ മിശിഹായ്ക്ക് സാധിച്ചിട്ടില്ല.

നേരെമറിച്ച് നാല് ഗോളുകളാണ് എംബാപെ ടീമിന് വേണ്ടി നേടിയിരിക്കുന്നത്. 24 പോയിന്റുകളുമായി ലീഗ് വണ്ണിന്റെ തലപ്പത്ത് തുടരാന്‍ പി.എസ്.ജിയെ സഹായിക്കുന്ന പ്രധാന ഘടകം കിലിയന്‍ എംബാപെയാണ്.

മെസിയുടെ ഗോള്‍ വരള്‍ച്ച അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാവുന്നുണ്ട്. ‘ലയണല്‍ മെസിയ്ക്ക് ഇനിയും പി.എസ്.ജിയ്ക്കായി ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ല. ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള മത്സരത്തിലെങ്കിലും സ്‌കോര്‍ ചെയ്ത് ഗോള്‍ വരള്‍ച്ച അവസാനിപ്പിക്കാന്‍ മെസിയ്ക്കാവുമോ?’ എന്നാണ് ബി.ബി.സി സ്‌പോര്‍ട്‌സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഈ അവസരത്തിലാണ് അനെല്‍ക്കയുടെ വാക്കുകള്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Lionel Messi has to serve Kylian Mbappe, Former Chelsea Striker Nicholas Anelka