| Wednesday, 18th September 2024, 12:49 pm

തിരിച്ചടികളിലും എം.എൽ.എസിലെ രാജാവ് മെസി തന്നെ; സ്പെഷ്യൽ നേട്ടത്തിൽ നമ്പർ വൺ

സ്പോര്‍ട്സ് ഡെസ്‌ക്

2023ലാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നില്‍ നിന്നും മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ എത്തുന്നത്. മെസിയുടെ വരവിന് പിന്നാലെ എം.എല്‍.എസിന് ഫുട്‌ബോള്‍ ലോകത്തില്‍ കൃത്യമായ ഒരു മേല്‍വിലാസം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിരുന്നു.

ഇപ്പോള്‍ എം.എല്‍.എസില്‍ മറ്റൊരു നേട്ടത്തില്‍ മുന്നിലെത്തിയിരിക്കുകയാണ് മെസി. എം.എല്‍.എസില്‍ ഏറ്റവും കൂടുതല്‍ ജേഴ്‌സി വില്‍ക്കപ്പെട്ടത് മെസിയുടേതാണ്. ഈ വര്‍ഷമാദ്യം മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം മേജര്‍ ലീഗ് സോക്കറില്‍ ഏറ്റവും കൂടുതല്‍ ജേഴ്‌സി വിറ്റഴിക്കപ്പെട്ടത് മെസിയുടേതാണ്.

പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസി മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്.

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി പരിക്കിനെ വകവയ്ക്കാതെ വീണ്ടും കളിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു.

നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 28 മത്സരങ്ങളില്‍ നിന്നും 19 വിജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമടക്കം 62 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി. സെപ്റ്റംബര്‍ 19ന് അറ്റ്‌ലാന്‍ഡ യുണൈറ്റഡിനെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. മേഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

അതേസമയം എം.എല്‍.എസില്‍ ഏറ്റവും കൂടുതല്‍ ജേഴ്‌സി വിറ്റഴിക്കപ്പെട്ട താരങ്ങളുടെ പട്ടികയിൽ മെസിയുടെ സഹതാരമായ ഉറുഗ്വായ്ന്‍ സൂപ്പര്‍താരം ലൂയി സുവാരസ് രണ്ടാം സ്ഥാനത്തും ഇടം നേടി. എന്നാല്‍ ഇന്റര്‍ മയാമി താരളായ ജോഡി ആല്‍ബ, സെര്‍ജിയോ ബസ്‌ക്വറ്റ്‌സ് എന്നിവര്‍ക്ക് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടാന്‍ സാധിച്ചില്ല.

ലോസ് ഏഞ്ചല്‍സ് താരം ഡെനീസ് ബൗഗ മൂന്നാം സ്ഥാനത്തും സിന്‍സിനാറ്റി എഫ്.സി താരം ലൂച്ചോ അക്കോസ്റ്റ നാലാം സ്ഥാനത്തും ഇടം നേടി. കോളംമ്പസ് ക്രൂ താരം കുച്ചോ ഹെര്‍ണാണ്ടസ് അഞ്ചാം സ്ഥാനവും സ്വന്തമാക്കി.

ഏറ്റവും കൂടുതല്‍ ജേഴ്‌സി വിറ്റഴിക്കപ്പെട്ട താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്ത് ലോസ് ഏഞ്ചലസിന്റെ ഫ്രഞ്ച് സൂപ്പര്‍താരം ഒലിവര്‍ ജിറൂഡും ഇടം നേടി. എല്‍.എ ഗാലക്‌സിയുടെ റിക്യു പ്യൂയ്ഗ്, നാഷ്വില്ലയുടെ ഹാനി മുക്താര്‍ എന്നിവര്‍ യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങളില്‍ ഇടം പിടിച്ചു. സിയാറ്റില്‍ സൗണ്ടേഴ്‌സ് താരങ്ങളായ ജോര്‍ദാന്‍ മോറിസ് ഒമ്പതാം സ്ഥാനവും പെഡ്രൊ ഡി ലാ വെഗ പത്താം സ്ഥാനവും സ്വന്തമാക്കി.

Content Highlight: Lionel Messi has the most sold jerseys in MLS

We use cookies to give you the best possible experience. Learn more