| Monday, 17th July 2023, 12:26 pm

ഞാനിവിടെയെത്തിയത് ഇതിനെല്ലാം വേണ്ടിയാണ്; മിയാമിലെത്തിയ മെസിയുടെ ആദ്യ പ്രതികരണം

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്പിലെ അധ്യായങ്ങള്‍ക്ക് വിരാമമിട്ട സൂപ്പര്‍ താരം ലയണല്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി കരാറിലെത്തിയിരുന്നു. 1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബുമായി ഒപ്പുവെച്ചത്.

കഴിഞ്ഞ ദിവസമാണ് മയാമി മെസിയെ അവതരിപ്പിച്ചത്. ആരാധകരാല്‍ തിങ്ങി നിറഞ്ഞ ഹെറോണ്‍സിന്റെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയം കയ്യടികളോടെയാണ് തങ്ങളുടെ ലോക ചാമ്പ്യനെ സ്വീകരിച്ചത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

പുതിയ ടീമിലെത്തിയതിന് പിന്നാലെ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മെസി. താന്‍ ഇവിടെയെത്തിയത് വിജയിക്കാനും ടീമിനെ വിജയത്തിലേക്ക് നയിക്കാനും വേണ്ടിയാണെന്നാണ് മെസി പറഞ്ഞത്. ലിയോയുടെ വാക്കുകളെ ഉദ്ധരിച്ച് ഫാബ്രീസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഇവിടെയെത്തിയതില്‍ ഞാന്‍ ഏറെ സന്തുഷ്‌ടനാണ്. ഇവര്‍ക്കൊപ്പം ട്രെയ്‌നിങ്ങിനും കളത്തിലിറങ്ങാനും ഇനിയെനിക്ക് കാത്തിരിക്കാന്‍ സാധിക്കില്ല. മത്സരിക്കാനും ജയിക്കാനും എപ്പോഴത്തേയുമെന്ന പോലെ ടീമിനെ സഹായിക്കാനുമാണ് ഞാന്‍ ഇവിടെയെത്തിയിരിക്കുന്നത്. ഞങ്ങള്‍ ഇത് ഏറെ ആസ്വദിക്കും,’ മെസി പറഞ്ഞു.

ചടങ്ങില്‍ തന്നെ പിന്തുണച്ച ആരാധകരോടുള്ള നന്ദിയും മെസി അറിയിച്ചു.

‘മിയാമിയില്‍ കളിക്കാന്‍ ഞാന്‍ എറെ ആവേശത്തിലാണ്. നിങ്ങളെനിക്ക് തന്നെ സ്‌നേഹത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് വളരെ പെട്ടെന്നാണ് സംഭവിച്ചത്,’ മെസി പറഞ്ഞു.

ഇന്റര്‍ മയാമിയുടെ പത്താം നമ്പര്‍ ജേഴ്‌സിയിലാണ് മെസി കളിക്കുക. താരത്തിന്റെ ജേഴ്‌സി നമ്പര്‍ പ്രഖ്യാപിച്ചുകൊണ്ട് മയാമി നേരത്തെ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.

ഗ്രാഫിറ്റി സ്‌റ്റൈലില്‍ മെസിയുടെ പേരെഴുതുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. കറുത്ത ബാക്ക്ഗ്രൗണ്ടില്‍ മിയാമിയുടെ ബ്രൈറ്റ് പിങ്ക് നിറത്തിലാണ് മെസിയുടെ പേരെഴുതുന്നത്. പിന്നാലെ പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞ മെസി പ്രത്യക്ഷപ്പെട്ട് ആരാധകരെ അഭിവാദ്യം ചെയ്യുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

മെസിയെത്തുന്നു എന്നതിനൊപ്പം താരം തന്റെ പഴയ പത്താം നമ്പറിലേക്ക് മടങ്ങിയെത്തുന്നു എന്നതും ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. പി.എസ്.ജിയില്‍ മെസി പന്ത് തട്ടിയപ്പോള്‍ ബാഴ്സലോണയില്‍ തന്റെ തുടക്കകാലത്ത് ധരിച്ചിരുന്ന 30ാം നമ്പര്‍ ജേഴ്സിയണിഞ്ഞാണ് താരം കളിച്ചത്.

പത്താം നമ്പറില്‍ ബാഴ്സലോണക്കും അര്‍ജന്റീനക്കും നേടിക്കൊടുത്ത കിരീടനേട്ടങ്ങള്‍ പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞ് തങ്ങളുടെ ക്ലബ്ബിനും വേണ്ടി നേടിക്കൊടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Lionel Messi has spoken out for the first time after joining Inter Miami.

We use cookies to give you the best possible experience. Learn more