അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി 800ലധികം ഗോളുകള്‍ തന്റെ കരിയറില്‍ നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറില്‍ നേടിയ ഗോളുകളില്‍ ഏറ്റവും പ്രിയപ്പെട്ട ഗോള്‍ ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മെസി.
2011ലെ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ റയല്‍ മാഡ്രിനെതിരെ നേടിയ ഗോളാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഗോളായി മെസി തെരഞ്ഞെടുത്തത്.
‘ഞാനെപ്പോഴും ഓര്‍ക്കുന്ന ഒരു ഗോള്‍ അതാണ്. ഞാന്‍ ഗോളുകള്‍ക്കായി അധികം പോകാറില്ല. എന്നാല്‍ 2011ല്‍ സാന്റിയാഗോ ബെര്‍ണബ്യുവില്‍ റയല്‍ മാഡ്രിഡിനെ 2-0 തോല്‍പ്പിച്ച മത്സരത്തില്‍ നേടിയ ഗോളാണ് എനിക്കിഷ്ടം,’ മെസി ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടിയതിന് ശേഷമുള്ള അഭിമുഖത്തില്‍ പറഞ്ഞു.
2011ലെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെയുള്ള മത്സരത്തില്‍ 87ാം മിനിട്ടില്‍ ആയിരുന്നു മെസി ആ ഗോള്‍ നേടിയത്. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്നും ഒരു സോളോ റണ്ണിലൂടെ റയല്‍ മാഡ്രിഡ് പ്രതിരോധത്തെ മറികടന്നുകൊണ്ടായിരുന്നു മെസിയുടെ മനോഹരമായ ഗോള്‍ പിറന്നത്.
സാവിയില്‍ നിന്നും പന്ത് വാങ്ങിക്കൊണ്ടായിരുന്നു മെസിയുടെ മുന്നേറ്റം റയല്‍ ഗോള്‍കീപ്പര്‍ ഐക്കര്‍ കസിയസിനെ കീഴ്‌പ്പെടുത്തി കൊണ്ടായിരുന്നു മെസി ഈ ഗോള്‍ നേടിയത്. ഇതിനുശേഷവും മെസിയുടെ ബൂട്ടില്‍ നിന്നും ഒരു പിടി മികച്ച ഗോളുകള്‍ പിറന്നുവെങ്കിലും ഈ ഗോള്‍ എല്ലാ ഫുട്‌ബോള്‍ ആരാധകരുടെയും മനസ്സില്‍ നിന്നും മായാതെ നിലനില്‍ക്കും.
നിലവില്‍ മെസി എട്ടാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുകയാണ്. ഏര്‍ലിങ് ഹാലണ്ടിനെയും കിലിയന്‍ എംബാപ്പയെയും മറികടന്നുകൊണ്ടായിരുന്നു മെസി ഈ അവിസ്മരണീയ നേട്ടത്തില്‍ എത്തിയത്.
അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിക്കുകയും ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിക്കൊണ്ട് ഗോള്‍ഡന്‍ ബൗള്‍ അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. പാരീസ് സെയ്ന്റ് ജെര്‍മെനൊപ്പം ലീഗ് വണ്‍ കിരീടവും 21 ഗോളുകളും 20 അസിസ്റ്റുകളും മെസി നേടിയിരുന്നു.
Content Highlight: Lionel Messi has revealed his favorite goal in football.