ഈ വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ കരാര്‍ അവസാനിക്കുക. കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പി.എസ്.ജി പലതവണ മേശപ്പുറത്ത് വെച്ചിരുന്നെങ്കിലും മെസി സൈന്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡയറിയോ സ്‌പോര്‍ട്ടിന്റെ പുതിയ അപ്‌ഡേറ്റ് പ്രകാരം അടുത്ത സീസണിലേക്ക് വരുമ്പോള്‍ മെസിക്ക് നാല് ഓപ്ഷനുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
1. പി.എസ്.ജിയില്‍ തുടരാനുള്ള സാധ്യത
നിലവില്‍ കളിക്കുന്ന പി.എസ്.ജിയില്‍ തുടരുക എന്നതാണ് ഒരു ഓപ്ഷന്‍. ലോകകപ്പ് ജേതാവ് കൂടിയായ താരത്തെ ഒരു ഓഫറും നല്‍കാതെ തള്ളിക്കളയാന്‍ സാധ്യത കുറവാണ്. എന്നിരുന്നാലും കരാര്‍ പുതുക്കുകയാണെങ്കില്‍ ചില കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് മെസിയുടെ ശമ്പളം വെട്ടിക്കുറക്കേണ്ടിവന്നേക്കാം എന്ന റിപ്പോര്‍ട്ടുകളും ഇതിനോടകം വന്നിരുന്നു.
അതിനിടെ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഏഴ് താരങ്ങളെ മാറ്റുന്നതുസംബന്ധിച്ച് പി.എസി.ജിയുടെ തീരുമാനവും വാര്‍ത്തയാകുന്നുണ്ട്. ഈ ലിസ്റ്റില്‍ മെസിയുണ്ടെങ്കില്‍ താരം അടുത്ത സീസണില്‍ ഫ്രഞ്ച് ക്ലബ്ബിനൊപ്പം ഉണ്ടാകില്ല.
2. സൗദിയിലേക്ക് പോകാനുള്ള സാധ്യത
സൗദി അറേബ്യയിലേക്കുള്ള മാറ്റമാണ് മറ്റൊരു ഓപ്ഷന്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍നസറിലേക്ക് പോയത് മുതലാണ് ഈ ചര്‍ച്ചകള്‍ സജീവമാകുന്നത്. മെസിക്കായി പണം എറിയാന്‍ സൗദിയിലെ മറ്റൊരു പ്രമുഖ ക്ലബ്ബായ
അല്‍-ഹിലാല്‍ തയ്യാറാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനായി മെസിക്ക് ഏകദേശം 400 ദശലക്ഷം ഡോളര്‍ മൂല്യമുള്ള ഒരു ഓഫര്‍ നല്‍കിയിരുന്നു. എന്നാല്‍ മെസി ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിട്ടിട്ടില്ല.
3. നോട്ടമിട്ട് ഇന്റര്‍ മിയാമി
അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയും മെസിയോട് താല്‍പ്പര്യം കാണിക്കുന്നു. എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും അവസാന നാളുകളില്‍ മേജര്‍ ലീഗിലേക്ക് മാറാനാണ് മെസിയുടെ ആഗ്രഹമെന്നാണ് നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ഫ്രഞ്ച് ലീഗ് പോലെ വമ്പന്‍ ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന മെസി ഈ സീസണലില്‍ അമേരിക്കയിലേക്ക് പോകില്ലെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
4. ബാക്ക് ടു ഹോം, ബാഴ്‌സയിലേക്ക്
പഴയതട്ടകമായ ബാഴ്‌സലോണയിലേക്ക് മെസി തിരിച്ച് പോകാനാണ് ഏറ്റവും കൂടുതല്‍ സാധ്യതയെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ ഫുട്‌ബോളില്‍ തന്നെ തുടരുമെന്നും ബാഴ്‌സലോണയില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് മെസി പദ്ധതിയിടുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Content Highlight: Lionel Messi has four options for next season