| Monday, 7th August 2023, 11:59 pm

ബാഴ്‌സക്കൊപ്പമോ, പി.എസ്.ജിക്കൊപ്പൊമോ നേടാനായില്ല; ക്ലബ്ബ് കരിയറിലെ ആ ചീത്തപ്പേര് മാറ്റി മെസി

സ്പോര്‍ട്സ് ഡെസ്‌ക്

തിങ്കളാഴ്ച പുലര്‍ച്ച നടന്ന ലീഗ്സ് കപ്പില്‍ എഫ്.സി ഡാല്ലസിനെ പരാജയപ്പെടുത്തി ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നു.
എഫ്.സി ഡാല്ലസിന്റെ ഹോം സ്റ്റേഡിയമായ ടൊയോട്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ടീം വിജയിച്ചുകയറിയത്.

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും നാല് ഗോള്‍ വീതമടിച്ച് തുല്യത പാലിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-5 എന്ന സ്‌കോറിനാണ് മയാമി വിജയിച്ചുകയറിയത്.

ഈ മത്സരത്തില്‍ 15 വര്‍ഷത്തോളം കളിച്ച ബാഴ്‌സലോണയിലോ രണ്ട് വര്‍ഷം പി.എസ്.ജിയിലോ കളിക്കുന്ന കാലത്ത് ലഭിക്കാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. താരം കളിച്ച മത്സരങ്ങളിലൊന്നും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരു ക്ലബ് ലെവല്‍ മത്സരം വിജയിച്ചിരുന്നില്ല. ഇതോടെ ഇന്നലെ നടന്ന മത്സരം മെസിയുടെ ക്ലബ് ടീം പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിജയിക്കുന്ന ആദ്യ മത്സരമാണെന്ന് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, എഫ്.സി ഡാല്ലസിനെതിരായ മത്സരത്തില്‍ ഡബിള്‍ നേടാന്‍ ലയണല്‍ മെസിക്ക് സാധിച്ചിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മെസി ഹെറോണ്‍സിനെ മുമ്പിലെത്തിച്ചു. എഫ്.സി ഡാല്ലസി തിരിച്ചടിക്കുകായിരുന്നു. ഒടുവില്‍ 4-3 എന്ന നിലയില്‍ 84ാം മിനിട്ടില്‍ ഫ്രീക്കിക്കില്‍ മെസിയിലൂടെ തന്നെ മയാമി സമനില പിടിച്ചു. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-5 ന് ഇന്റര്‍മയാമി ജയിച്ചു കയറുകയായിരുന്നു.

നാല് മത്സരങ്ങളില്‍ ഏഴുഗോളുകളാണ് മെസി ഇതുവരെ മയാമിക്കായി നേടിയിത്. താരം വന്നതിന് ശേഷം ഇന്റര്‍ മയാമി തോല്‍വി അറിഞ്ഞിട്ടില്ലെന്നതും പ്രത്യേകതയാണ്.

Content Highlight: Lionel Messi has EVER won a penalty shootout at the club level in a match

We use cookies to give you the best possible experience. Learn more