തിരിച്ചുവരവിൽ ചരിത്രംകുറിച്ച് മെസി; എം.എൽ.എസും കീഴടക്കി അർജന്റൈൻ ഇതിഹാസം
Football
തിരിച്ചുവരവിൽ ചരിത്രംകുറിച്ച് മെസി; എം.എൽ.എസും കീഴടക്കി അർജന്റൈൻ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 15th September 2024, 8:34 am

മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ ജയം. ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മയാമി പരാജയപ്പെടുത്തിയത്. ചെയ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ തകര്‍പ്പന്‍ തിരിച്ചുവരവിന് കൂടിയാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്.

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ പരിക്കേറ്റ മെസി ആദ്യമായി കളത്തിലിറങ്ങിയ മത്സരമായിരുന്നു ഇത്. പരിക്ക് മാറി തിരിച്ചെത്തിയ മെസി രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് തിളങ്ങിയത്.

മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ മൈക്കല്‍ ഉഹ്‌റയുടെ ഗോളിലൂടെ ഫിലാഡല്‍ഫിയയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 26, 30 എന്നീ മിനിട്ടുകളില്‍ മെസിയുടെ ഗോളുകളിലൂടെ മയാമി മത്സരത്തിലേക്ക് തിരിച്ചുവരുകയായിരുന്നു.

ഒടുവില്‍ ആദ്യ പകുതി അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ ഗോളുകളുടെ കരുത്തില്‍ മയാമി മുന്നിലെത്തി. രണ്ടാം പകുതിയില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ സൂപ്പര്‍താരം ലൂയി സുവാരസും ലക്ഷ്യം കണ്ടതോടെ മയാമി മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു. ഈ ഗോളിന് വഴിയൊരുക്കിയത് മെസിയായിരുന്നു.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടവും മയാമി നായകന്‍ സ്വന്തമാക്കി. എം.എല്‍.എസില്‍ ഏറ്റവും വേഗത്തില്‍ 15 വീതം ഗോളുകളും അസിസ്റ്റുകളും നേടുന്ന താരമായി മാറാനാണ് മെസിക്ക് സാധിച്ചത്. 19 മത്സരങ്ങളില്‍ നിന്നുമാണ് മെസി ഈ നേട്ടം സ്വന്തം പേരിലാക്കി മാറ്റിയത്.

ഇതിന് മുമ്പ് മുന്‍ ഇറ്റാലിയന്‍ താരമായ സെബാസ്റ്റ്യന്‍ ജിയോവിന്‍കോയുടെ പേരിലായിരുന്നു ഈ നേട്ടം ഉണ്ടായിരുന്നത്. 29 മത്സരങ്ങളില്‍ നിന്നുമായിരുന്നു സെബാസ്റ്റ്യന്‍ 15 വീതം ഗോളുകളും അസിസ്റ്റുകളും നേടിയിരുന്നത്. മുന്‍ ഇറ്റാലിയന്‍ താരത്തെക്കാള്‍ 10 മത്സരങ്ങള്‍ കുറവ് കളിച്ചുകൊണ്ടാണ് മെസി ഈ റെക്കോഡ് കൈപ്പിടിയിലാക്കിയത്.

വിജയത്തോടെ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 28 മത്സരങ്ങളില്‍ നിന്നും 19 വിജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമടക്കം 62 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മെസിയും സംഘവും.

സെപ്റ്റംബര്‍ 19ന് അറ്റ്‌ലാന്‍ഡ യുണൈറ്റഡിനെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. മേഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Lionel Messi Great Come back in MLS After Injury