| Tuesday, 28th February 2023, 8:00 am

'മെസി ദ ബെസ്റ്റ്; അര്‍ജന്റീന ഈസ് ദ ബെസ്റ്റ് ഓഫ് ദ ബെസ്റ്റ്'; 'ബെസ്റ്റ് വര്‍ഷത്തിന്' ഫിഫയുടെ പുരസ്‌കാരം

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയുട അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഫിഫ ദ ബെസ്റ്റ് മെന്‍സ് അവാര്‍ഡിന് അര്‍ഹനായിരിക്കുകയാണ്. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെയും കരിം ബെന്‍സേമയെയും മറികടന്നാണ് മെസി പുരസ്‌കാരത്തിന് അര്‍ഹനായത്.

2019ലും മെസി ഫിഫ ദ ബെസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാഴ്‌സലോണ വിട്ട് പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് മെസിയുടെ ഈ നേട്ടം.

ഫിഫ ലോകകപ്പ് 2022ലെ മികവും പി.എസ്.ജിയെ ഫ്രഞ്ച് ലീഗ് കിരീടം നേടാന്‍ സഹായിച്ചതുമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

മിന്നുന്ന പ്രകടനമായിരുന്നു 35കാരനായ മെസി ഖത്തറില്‍ കാഴ്ചവെച്ചിരുന്നത്. ഏഴ് ഗോളും മുന്ന് അസിസ്റ്റും നേടി ബെസ്റ്റ് പ്ലെയറിനുള്ള പുരസ്‌കാരവും ഖത്തറില്‍ മെസി നേടിയിരുന്നു. ഇതിനിടെ ക്ലബ് തലത്തില്‍ 700 ഗോളും താരം പൂര്‍ത്തിയാക്കി. ഫ്രഞ്ച് ലീഗില്‍ മാഴ്സെക്കെതിരെ ഗോളടിച്ചായിരുന്നു നേട്ടം.

അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍കീപ്പര്‍. മൊറോക്കയുടെ യാസീന്‍ ബോണോ, ബെല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോ എന്നിവരെ പിന്നിലാക്കിയാണ് എമിലിയാനോ മാര്‍ട്ടിനെസിന്റെ നേട്ടം.

അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. പെപ് ഗ്വാര്‍ഡിയോള, കാര്‍ലോ ആന്‍സലോട്ടി എന്നിവരെ കവച്ചുവെച്ചുകൊണ്ടാണ് അര്‍ജന്റീനക്കാരന്‍ മികച്ച കോച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വന്തമാക്കി. മികച്ച വനിതാ താരമായി സ്പെയിനിന്റെ അലക്സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിന്റെ സറീന വെയ്ഗ്മാനാണ് മികച്ച വനിതാ ടീം കോച്ച്.

ബ്രസീല്‍ ഇതിഹാസതാരം പെലെയെ അനുസ്മരിച്ചായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. കായിക മാധ്യമ പ്രവര്‍ത്തകര്‍, പരിശീലകര്‍, ദേശീയ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ എന്നിവര്‍ക്കൊപ്പം പൊതുജനങ്ങളും വോട്ട് ചെയ്താണ് ഫിഫ ബെസ്റ്റ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

Content Highlights: Lionel Messi got selected for FIFA the best award

We use cookies to give you the best possible experience. Learn more