സാവോ പൗളോ: ചുവപ്പുകാര്‍ഡ് കണ്ട് ‘മിശിഹ’ പുറത്തായെങ്കിലും ചിലിയെ വീഴ്ത്തി അര്‍ജന്റീന കോപ്പ അമേരിക്കയില്‍ മൂന്നാംസ്ഥാനം നേടി. സാവോ പൗളോയില്‍ നടന്ന മത്സരത്തില്‍ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കു മറികടന്നായിരുന്നു നീലപ്പടയുടെ വിജയം.
കളിയുടെ പാതിസമയത്തിലേറെയും 10 കളിക്കാരെ വീതം മാത്രമേ ഇരുടീമുകള്‍ക്കും ലഭിച്ചുള്ളൂ. 37-ാം മിനിറ്റിലായിരുന്നു ലോകമെങ്ങുമുള്ള മെസ്സി ആരാധകരെ സങ്കടത്തിലാഴ്ത്തുന്ന ആ നിമിഷം. ചിലി ക്യാപ്റ്റനും പ്രതിരോധനിര താരവുമായ ഗാരി മെഡലുമായുണ്ടായ വാക്കുതര്‍ക്കവും കയ്യാങ്കളിയുമാണ് ചുവപ്പുകാര്‍ഡിലേക്ക് എത്തിച്ചത്. മെഡലിനും ചുവപ്പ് തന്നെ ലഭിച്ചു. മെസ്സിയെ പുറകോട്ടുതള്ളിയ മെഡലാണ് പ്രകോപിപ്പിച്ചതെങ്കിലും പരാഗ്വായ് റഫറി മരിയോ ഡയസ് ഡെ വിവാര്‍ രണ്ടു താരങ്ങള്‍ക്കും ചുവപ്പുകാര്‍ഡ് നല്‍കുകയായിരുന്നു.
മെസ്സിയുടെ കരിയറിലെ രണ്ടാമത്തെ ചുവപ്പുകാര്‍ഡ് മാത്രമാണിത്. ആദ്യത്തേത് 2005-ല്‍ ഹംഗറിക്കെതിരായ തന്റെ ആദ്യ മത്സരത്തിലാണ്.
12-ാം മിനിറ്റില്‍ തന്നെ സെര്‍ജിയോ അഗ്യൂറോ നേടിയ ഗോളിലൂടെ അര്‍ജന്റീന മുന്നിലെത്തുക മാത്രമല്ല, 10 മിനിറ്റുകള്‍ക്കു ശേഷം ജിയോവാനി ലോ കെല്‍സോയിലൂടെ ലീഡ് ഉയര്‍ത്തുകയും ചെയ്തു. 59-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു സമനില ഗോളിന്. ആര്‍ട്ടുറോ വിദാല്‍ നേടിയ പെനാല്‍റ്റിയാണ് മത്സരത്തില്‍ ചിലിക്ക് ഒരു ഗോള്‍ സമ്മാനിച്ചത്.
മത്സരത്തില്‍ 37 ഫൗളുകള്‍ പിറന്നപ്പോള്‍, രണ്ട് ചുവപ്പ് കാര്‍ഡുകള്‍ കൂടാതെ ഏഴ് മഞ്ഞക്കാര്‍ഡുകള്‍ കൂടി റഫറിക്കു കാണേണ്ടിവന്നു.