ഈ സീസണില്‍ മികച്ച പ്രകടനമാണ് പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ സ്ട്രൈക്കറും അര്‍ജന്റൈന്‍ ഇതിഹാസവുമായ ലയണല്‍ മെസി പുറത്തെടുക്കുന്നത്.
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലൂടെ പി.എസ്.ജിയിലേക്കെത്തിയ താരത്തിന് തുടക്കത്തില്‍ ക്ലബ്ബിനെ പ്രീതിപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ രണ്ടാം സീസണില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഈ സീസണില്‍ ഇതുവരെ 12 ഗോളുകളും 13 അസിസ്റ്റുകളുമാണ് മെസി നേടിയത്.
ഇപ്പോള്‍ ലയണല്‍ മെസിയുടെ പ്രകടനത്തെ കുറിച്ച് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുന്‍ ഫ്രഞ്ച് താരവും നിലവില്‍ ബെല്‍ജിയന്‍ ടീമിന്റെ പരിശീലകനുമായ തിയറി ഒന്റി. മെസി ഇപ്പോള്‍ ‘ഭയപ്പെടുത്തുന്ന ഫോമിലാണ്’ കളിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
മത്സരം ആരംഭിക്കുമ്പോള്‍ അത്ര താത്പര്യം പ്രകടിപ്പിക്കാത്ത മെസി കുറച്ച് കഴിയുമ്പോള്‍ ശൈലി മാറ്റുകയും ചെയ്യുന്നത്, എതിര്‍ ടീമിലെ പ്രതിരോധ നിരയെ പേടിപ്പെടുത്താറുണ്ടെന്നും ഒന്റി കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സ്പോര്‍ട്‌സ് വെബ്സൈറ്റായ എല്‍ ഫുട്ബൊളോറോയോട് (El Futbolero) സംസാരിക്കുകയായിരുന്നു അദ്ദേഹം.
”മെസിയുടെ പ്രകടനം മിക്ക ഡിഫന്‍ഡേഴ്സിനെയും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. കാരണം ഒരു മാച്ച് ആരംഭിക്കുമ്പോള്‍ മെസി ഒട്ടും താത്പര്യമില്ലാത്തയാളെ പോലെയാണ് കാണപ്പെടാറ്, എന്നാല്‍ അടുത്ത നിമിഷം തന്നെ കളിയുടെ ഗതിയും ശൈലിയുമൊക്കെ മാറ്റുന്നതും കാണാം.
ഞാന്‍ മെസിക്കൊപ്പം മുമ്പ് കളിച്ചിട്ടുള്ളയാളാണ്. ഇപ്പോഴാണ് അദ്ദേഹം പേടിപ്പെടുത്തുന്ന ഫോമിലേക്ക് മാറിയതായി തോന്നിയത്,’ ഒന്റി വ്യക്തമാക്കി.
സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ മെസിക്കൊപ്പം ഒന്റി മൂന്ന് വര്‍ഷം കളിച്ചിട്ടുണ്ട്. 2007ല്‍ ആഴ്സണലില്‍ നിന്ന് 24 മില്യണ്‍ പൗണ്ടിന് ഒന്റി കാറ്റാലന്‍ പടയിലേക്ക് ചേക്കേറുകയായിരുന്നു.
അന്നുമുതല്‍ ഫ്രഞ്ച് താരം അര്‍ജന്റീന സൂപ്പര്‍താരത്തിന്റെ ആരാധകനാണ്.
അതേസമയം, മികച്ച ഡ്രിബ്ലിങ്ങിനും പാസിങ്ങിനും പേരുകേട്ട, ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവ് കൂടിയായ മെസി പി.എസ്.ജിയില്‍ സൂപ്പര്‍താരമായ എംബാപ്പെയുമായി മികച്ച ബന്ധം പുലര്‍ത്തി കൊണ്ടാണ് ലീഗ് മത്സരങ്ങളില്‍ മുന്നേറുന്നത്. ഈ സീസണില്‍ പി.എസ്.ജി ഒരു മത്സരം പോലും തോറ്റിട്ടില്ല.
16 വര്‍ഷം ക്യാമ്പ് നൗവില്‍ ചെലവഴിച്ച മെസി 672 ഗോളുകളും നിരവധി വ്യക്തിഗത അവാര്‍ഡുകളും നേടുകയും ചെയ്തതിന് ശേഷമാണ് 2021-22 സീസണിന്റെ തുടക്കത്തില്‍ ബാഴ്‌സലോണ വിട്ടത്.
ദേശീയ ടീമിന് വേണ്ടി സീസണില്‍ ഇതുവരെ 25 ഗോളുകളില്‍ നേരിട്ട് പങ്കാളിയായ ലയണല്‍ മെസി ഈ സീസണില്‍ പി.എസ്.ജിയുടെ ആധിപത്യത്തിലും വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത്.
തന്റെ പഴയ ഫോം വീണ്ടെടുത്ത് മെസി മുന്നേറുന്ന മെസി ഖത്തര്‍ വേള്‍ഡ് കപ്പിനായി തയ്യാറെടുത്തിരിക്കുന്ന അര്‍ജന്റീനിയന്‍ ദേശീയ ടീമിനും പരിശീലകന്‍ സ്‌കലോണിക്കും വലിയ ഉത്തേജനമാണ് നല്‍കുന്നത്.
Content Highlights: Lionel Messi gets the better of his opponents as ‘frightening’, claims Thierry Henry