| Saturday, 5th November 2022, 4:51 pm

ഒരിക്കലും മറക്കാനാകില്ല, അതായിരുന്നു കരിയറിലെ അതിമനോഹര നിമിഷം; വികാരാധീതനായി ലയണല്‍ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ സൂപ്പര്‍ സ്‌ട്രൈക്കറും അര്‍ജന്റൈന്‍ ഇതിഹാസവുമായ ലയണല്‍ മെസി ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ്.

ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവ് കൂടിയായ താരം ലക്ഷക്കണക്കിന് ആരാധകരെയാണ് ഇതിനകം സമ്പാദിച്ചു കൂട്ടിയത്.

വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ തന്റെ രാജ്യത്തിന് വേണ്ടി ബൂട്ട് കെട്ടാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.

മാരക്കാനയില്‍ ഒരു കൈ അകലത്തില്‍ നഷ്ടപ്പെട്ട വിശ്വ കിരീടം ഇത്തവണ നേടിയെടുക്കുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ടീം അര്‍ജന്റീന ഇത്തവണ ലോകകപ്പിനിറങ്ങുക.

കരിയറില്‍ മറക്കാനാവാത്തതും അതിമനോഹരവുമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍. ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴ്‌പ്പെടുത്തി കോപ്പാ അമേരിക്ക സ്വന്തമാക്കിയതിനെ കുറിച്ചാണ് താരം സംസാരിച്ചത്.

നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കുന്ന ‘ചാമ്പ്യന്‍സ് ഓഫ് അമേരിക്ക’ എന്ന ഡോക്യുമെന്ററിയില്‍ അര്‍ജന്റീനയുടെ കോപ്പ അമേരിക്ക നേട്ടത്തിന്റെ വിഷ്വല്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2021ല്‍ നടന്ന കോപ്പ അമേരിക്കയില്‍ മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തിരുന്നത്. ഡോക്യുമെന്ററിയില്‍ മെസി കോപ്പ അമേരിക്ക നേട്ടത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

‘സത്യം പറഞ്ഞാല്‍ എനിക്കറിയില്ല, അത്ഭുതാവഹമാണത്. എനിക്ക് തോന്നുന്നു എന്റെ സ്‌പോര്‍ട്‌സ് കരിയറിലെ അതിമനോഹരവും ഒരിക്കലും മറക്കാന്‍ പറ്റാത്തതുമായ കാര്യമാണത്,’ മെസി പറഞ്ഞു.

മത്സരത്തിന് ശേഷം വലിയ കരഘോഷമാണ് മെസിക്ക് ആരാധകരില്‍ നിന്നും ലഭിച്ചിരുന്നത്. ആ അംഗീകാരവും പ്രശംസയും മെസിക്ക് ഒരിക്കലും മറക്കാനാവാത്തതാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാണ്.

അതേസമയം മികച്ച പ്രകടനമാണ് താരം ഈ സീസണില്‍ പി.എസ്.ജിക്ക് വേണ്ടി പുറത്തെടുക്കുന്നത്. ഗോള്‍ നേടുന്നതിലും അസിസ്റ്റിലും നിരവധി റെക്കോഡുകള്‍ താരം ഇതിനകം സ്വന്തമാക്കി കഴിഞ്ഞു.

താരത്തിന്റെ പ്രകടനത്തില്‍ പി.എസ്.ജിക്കൊപ്പം അര്‍ജന്റീനയും സന്തുഷ്ടരാണ്. ലോകകപ്പ് നടക്കുന്നതിന് മുമ്പ് മെസി പഴയ ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ ആഹ്ലാദത്തിലാണ് അര്‍ജന്റീന.

Content Highlights: Lionel Messi gets emotional as he watches Argentina’s Copa America victory in new Netflix documentary

We use cookies to give you the best possible experience. Learn more