2020-21 സീസണില്‍ ലയണല്‍ മെസിക്ക് ലഭിച്ച ലാ ലിഗയുടെ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് അദ്ദേഹം തനിക്ക് കൈമാറുകയായിരുന്നെന്ന് പി.എസ്.ജിയുടെ അര്‍ജന്റൈന്‍ താരം ലിയാന്‍ഡ്രോ പെരേഡസ്. മെസി ബാഴ്‌സലോണയിലെത്തിയപ്പോള്‍ അവാര്‍ഡ് തനിക്ക് തരുമോ എന്ന് ചോദിച്ചെന്നും അപ്പോള്‍ തന്നെ അദ്ദേഹം അത് തനിക്ക് നല്‍കിയെന്നും പെരേഡസ് പറഞ്ഞു. ഗിവ് മി സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘മെസി പാരീസിലേക്ക് വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് അവാര്‍ഡ് എനിക്ക് തരുമോ എന്ന് വെറുതെ ചോദിച്ചതായിരുന്നു. അപ്പോള്‍ തന്നെ അദ്ദേഹം എനിക്കത് തന്നു,’ പെരേഡസ് പറഞ്ഞു.
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് അര്‍ജന്റൈന്‍ താരം ലിയാന്‍ഡ്രോ പരേഡസ് പി.എസ്.ജി വിട്ടത്. തുടര്‍ന്ന് താരം ലോണ്‍ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു.
ക്ലബ്ബില്‍ തന്റെ ഇഷ്ട താരമായ ലയണല്‍ മെസി ഉണ്ടായിരുന്നിട്ടും ക്ലബ്ബ് വിട്ടതിന് പിന്നിലെ കാരണം താരം തുറന്നുപറഞ്ഞിരുന്നു. മെസിയുടെ കൂടെ സമയം ചെലവഴിക്കാനും കളിക്കാനും സാധിച്ചതില്‍ സന്തുഷ്ടനാണെന്നും കളിക്കളത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് ക്ലബ്ബ് വിട്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ബാഴ്‌സലോണക്കായി കളിക്കുമ്പോള്‍ ബ്ലൂഗ്രാന ജേഴ്‌സിയില്‍ നേടാന്‍ പറ്റുന്നതെല്ലാം മെസി സ്വന്തമാക്കിയിരുന്നു. പി.എസ്.ജിക്കായി ഇതുവരെ കളിച്ച് മത്സരങ്ങളില്‍ നിന്ന് 31 ഗോളുകളും 33 അസിസ്റ്റുമാണ് മെസി അക്കൗണ്ടിലാക്കിയിരിക്കുന്നത്. ആദ്യ സീസണില്‍ തന്നെ പാരീസിയന്‍സിനായി ലീഗ് വണ്‍ കിരീടം നേടിക്കൊടുക്കാനും മെസിക്ക് സാധിച്ചിരുന്നു.
ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി വിജയിച്ചിരുന്നു. ലെന്‍സിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. മെസി, എംബാപ്പെ, വിറ്റിന്‍ഹ എന്നിവര്‍ പി.എസ്.ജിക്കായി ഓരോ ഗോളുകള്‍ നേടിയപ്പോള്‍ ഫ്രാങ്കോസ്‌കി ലെന്‍സിനായി ഒരു ഗോള്‍ നേടി.