| Monday, 23rd September 2024, 12:17 pm

മെസി ഇന്റർ മയാമി വിടുന്നു? ലക്ഷ്യം മറ്റൊരു ക്ലബ്ബ്; ഞെട്ടലിൽ ഫുട്ബോൾ ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. 2023 ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നില്‍ നിന്നുമാണ് മെസി എം.എല്‍.എസിലേക്ക് ചെക്കറിയത്. നിലവില്‍ അമേരിക്കന്‍ ക്ലബ്ബിനൊപ്പമുള്ള മെസിയുടെ കരാര്‍ 2025 ഡിസംബര്‍ വരെയാണ് ഉള്ളത്. ഇതിനുശേഷം താരം മയാമിക്കൊപ്പമുള്ള കരാര്‍ പുതുക്കുമോ എന്നതും ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.

ഇപ്പോഴിതാ ഇന്റര്‍ മയാമിക്കൊപ്പമുള്ള മെസിയുടെ ഭാവിയെ കുറിച്ച് ഒരു നിര്‍ണായകമായ അപ്‌ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. എല്‍ നാഷനലിന്റെ റിപ്പോര്‍ട്ട് പ്രകാരം മെസി തന്റെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലേക്ക് പോവുമെന്നാണ് പറയുന്നത്. തന്റെ പഴയ ക്ലബ്ബിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് മെസി സംസാരിച്ചിരുന്നു.

‘എന്റെ സ്വപ്നം ന്യൂവെല്‍സില്‍ കളിക്കുക എന്നതാണ്. പക്ഷേ എന്ത് സംഭവിക്കും എന്ന് എനിക്കറിയില്ല. എനിക്ക് ഒരു കുടുംബമുണ്ട്. എന്റെ കുട്ടികള്‍ ശാന്തവും സമാധാനപരവുമായ ഒരു സ്ഥലത്ത് വളരണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ എന്റെ ഭാവി എന്താകുമെന്ന് എനിക്ക് അറിയില്ല,’ മെസിയെ ഉദ്ധരിച്ച് ടി.വൈ.സി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തില്‍ മെസിക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനു പിന്നാലെ ധാരാളം മത്സരങ്ങള്‍ മെസിക്ക് നഷ്ടമായിരുന്നു. പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസി മിന്നും പ്രകടമായിരുന്നു മയാമിക്ക് വേണ്ടി നടത്തിയിരുന്നത്.

ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്.

നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 30 മത്സരങ്ങളില്‍ നിന്നും 19 വിജയവും ഏഴ് സമനിലയും നാല് തോല്‍വിയുമടക്കം 64 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി. സെപ്റ്റംബര്‍ 29ന് ഷാര്‍ലറ്റിനെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. ചേസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Lionel Messi Future With Inter Miami Club

We use cookies to give you the best possible experience. Learn more