മെസിക്ക് ഫിറ്റ്നെസ് പ്രശ്നം; ആശങ്കപ്പെടേണ്ടതില്ല, നിര്‍ണായക മത്സരത്തില്‍ താരം പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്
Football
മെസിക്ക് ഫിറ്റ്നെസ് പ്രശ്നം; ആശങ്കപ്പെടേണ്ടതില്ല, നിര്‍ണായക മത്സരത്തില്‍ താരം പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 25th November 2022, 5:47 pm

മൂന്ന് വർഷത്തെ അപരാജിത കുതിപ്പുമായി ഖത്തർ ലോകകപ്പിനെത്തിയ അർജന്റീനയിൽ നിന്ന് ഇങ്ങനെയൊരു തുടക്കമായിരുന്നില്ല ആരാധകർ പ്രതീക്ഷിച്ചിരുന്നത്.

കുഞ്ഞൻ ടീമായ സൗദി അറേബ്യ തങ്ങളുടെ ഡിഫൻഡിങ് മികവ് പുറത്തെടുത്തപ്പോൾ അർജന്റൈൻ പടക്ക് മുന്നേറാനായില്ല.

അർജന്റീനയുടെ നായകൻ ലയണൽ മെസിക്ക് ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്റെ യഥാർത്ഥ നിലവാരത്തിലേക്ക് ഉയരാൻ സാധിച്ചില്ല.

പി.എസ്.ജിക്ക് വേണ്ടി ലീഗ് മത്സരങ്ങൾ കളിക്കുന്നതിനിടെ താരത്തിന് പരിക്കേറ്റതാണ് മോശം ഫോമിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരിക്കേറ്റ ശേഷം പൂർണ വിശ്രമം എടുക്കാതെയാണ് താരം ദേശീയ ക്ലബിനൊപ്പം ലോകകപ്പ് കളിക്കാനെത്തിയത്.

ലോകകപ്പിന് മുന്നോടിയായി യു.എ.ഇക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ മെസി കളിച്ചിരുന്നെങ്കിലും ഖത്തറില്‍ സഹതാരങ്ങള്‍ക്കൊപ്പം പരിശീലനത്തിലേര്‍പ്പെടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പരിക്ക് മൂലം താരം വിശ്രമത്തിലാണെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുകയായിരുന്നു.

എന്നാല്‍ താരത്തിന് ഫിറ്റ്‌നെസ് പ്രശ്‌നങ്ങളുണ്ടെന്നും പേശിയുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകള്‍ താരത്തെ അലട്ടുന്നുണ്ടെന്നുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. അര്‍ജന്റൈന്‍ പത്രപ്രവര്‍ത്തകനായ ഗ്യാസ്ററണ്‍ എഡുള്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അതേസമയം ശാരീരിക അസ്വസ്ഥതകള്‍ പിടികൂടിയിട്ടുണ്ടെങ്കിലും മെസി സഹതാരങ്ങള്‍ക്കൊപ്പം പരിശീലനം തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മെക്‌സിക്കോക്കെതിരായ അടുത്ത മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ടീം അര്‍ജന്റീന.

ഈ മത്സരത്തില്‍ അര്‍ജന്റീനക്ക് വിജയം അനിവാര്യമാണ്. അതുകൊണ്ട് പരിശീലകനായ ലയണല്‍ സ്‌കലോണി ആദ്യ മത്സരത്തില്‍ നിന്ന് മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതികളിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

ലയണൽ മെസിയുടെ സാന്നിധ്യം അർജന്റീനയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഈ ഘട്ടത്തിൽ മെസി മികച്ച രൂപത്തിലേക്ക് തിരിച്ചെത്തിയാൽ അർജന്റീനക്ക് കാര്യങ്ങൾ എളുപ്പമാകും.

മെസിയെ കൂടാതെ തന്നെ അർജന്റീനക്ക് പരിക്കേറ്റിട്ടുണ്ട്. അതെല്ലാം പരിഹരിച്ചുകൊണ്ട് മെക്‌സിക്കോക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ അർജന്റീനക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഉള്ളടക്ക ഹൈലൈറ്റുകൾ: ലയണൽ മെസ്സി, ഫിറ്റ്നസ് പ്രശ്നങ്ങൾ, അർജന്റീന, ഖത്തർ ലോകകപ്പ്