മത്സരിക്കാനാളില്ല, രാജാവ് ഒറ്റക്കാണ്, പൂര്‍വാധികം കരുത്തോടെ തിരിച്ചുവരൂ; റോണോയോട് മെസി ഫാന്‍സ്
Sports News
മത്സരിക്കാനാളില്ല, രാജാവ് ഒറ്റക്കാണ്, പൂര്‍വാധികം കരുത്തോടെ തിരിച്ചുവരൂ; റോണോയോട് മെസി ഫാന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd October 2022, 6:42 pm

മോഡേണ്‍ ഡേ ഫുട്ബോളിലെ കണക്കുകളുടെ കാര്യത്തില്‍ മെസി- റൊണാള്‍ഡോ മത്സരം അവരുടെ മുപ്പതുകളിലും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും പുതിയ സീസണില്‍ പി.എസ്.ജിക്കായി മികച്ച പ്രകടനമാണ് മെസി പുറത്തെടുക്കുന്നത്.

പി.എസ്.ജിക്കായുള്ള കഴിഞ്ഞ മത്സരത്തിലും മെസി ഗോള്‍ നേടിയിരുന്നു. ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളിലൂടെയാണ് മെസി ഒ.ജി.സി വലകുലുക്കിയത്.

നാഷണല്‍ ടീമായ അര്‍ജന്റീനക്ക് വേണ്ടിയും തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെക്കുന്നത്. ജമൈക്കക്കെതിരായി കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി ഇരട്ട ഗോള്‍ നേടിയാണ് മെസി തിളങ്ങിയത്.

 

എന്നാല്‍, 16 വര്‍ഷക്കാലമായി റെക്കോര്‍ഡുകളില്‍ മെസിക്കൊപ്പം മത്സരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിലവില്‍ മോശം ഫോം തുടരുകയാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം തിളങ്ങാന്‍ കഴിയാത്ത താരത്തിന് ദേശീയ ടീമിനായും നല്ല പ്രകടനം പുറത്തെടുക്കാനാകുന്നില്ല. നേഷന്‍സ് ലീഗില്‍ നിന്ന് പോര്‍ചുഗല്‍ പുറത്തായിരുന്നു. യുണൈറ്റഡിനായി ഈ അടുത്ത് ആറ് മത്സരങ്ങളില്‍ സബ്ബായി ആണ് താരം ഇറങ്ങിയത്.

 

ഇതിനിടയില്‍ റോണോയുടെ തിരിച്ചുവരവിനായി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യമുന്നയിക്കുകയാണ് മെസി ഫാന്‍സ്. എല്ലാക്കാലത്തും മെസിക്കൊപ്പം മത്സരിക്കാനുണ്ടായിരുന്ന റോണോ ഫോം വീണ്ടെടുത്ത് തിരിച്ചുവരണം എന്നാണ് ആരാധകര്‍ പറയുന്നത്.

 

‘തിരുച്ചുവരൂ പൂര്‍വാധികം കരുത്തോടെ, രാജാവ് ഒറ്റക്കാണ്, മത്സരിക്കാന്‍ ആളില്ല,’ എന്നാണ് ഒരു മെസി ആരാധകന്‍ കുറിച്ചത്. യുണൈറ്റഡിനായി റോണോ ബെഞ്ചിലിരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ഈ പ്രതികരണം.

ക്രിസ്റ്റിയാനോക്ക് ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാനാകുമെന്നും കഴിഞ്ഞ സീസണില്‍ മെസിക്കു ണ്ടായിരുന്ന അവസ്ഥയാണ് താരത്തിനുള്ളതെന്നുമാണ് ആരാധകര്‍ പറയുന്നത്.

ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തെ മറികടന്ന് ഖത്തര്‍ ലോകകപ്പ് വരുമ്പോഴേക്ക് റോണോ മാനസികമായും ശാരിരികമായും ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു.

തന്നെ നിരന്തരം ബെഞ്ചിലിരുത്തുന്ന യുണൈറ്റഡ് വിട്ട് റോണോ ക്ലബ്ബ് മാറണമെന്ന ആവശ്യവും ഇതിനിടയില്‍ ആരാധകര്‍ പറയുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ റയല്‍ പോലുള്ള ഒരു ക്ലബ്ബിലേക്ക് ചേക്കേറിയാല്‍ താരത്തിന് തിരിച്ചുവരാനാകുമെന്നും ഇവര്‍ അവകാശപ്പെടുന്നു.

Content Highlights: Lionel Messi Fans is demanding cristiano ronaldo’s return through social media