| Tuesday, 7th March 2023, 9:15 am

ലോകകപ്പും ഗോള്‍ഡന്‍ ബോളും തുണച്ചില്ല; ആ പുരസ്‌കാര വേദിയില്‍ രണ്ടാമനായി മെസി

സ്പോര്‍ട്സ് ഡെസ്‌ക്

പോയ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ കായിക താരത്തിനുള്ള നിക്കലോഡിയന്‍ കിഡ്‌സ് ചോയ്‌സ് പുരസ്‌കാരം നേടി ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസ താരം ലെബ്രോണ്‍ ജെയിംസ്. ലോകമെമ്പാടും നടന്ന വോട്ടെടുപ്പിലൂടെയാണ് ലെബ്രോണ്‍ ജെയിംസ് മെസിയെ മറികടന്ന് പുരസ്‌കാരം സ്വന്തമാക്കിയത്.

ഓരോ വര്‍ഷത്തെയും ടെലിവിഷന്‍, മ്യൂസിക്, ഫിലിം, സ്‌പോര്‍ട്‌സ് എന്നീ കാറ്റഗറിയിലെ ഏറ്റവും മികച്ച താരത്തെ ആദരിക്കുന്നതാണ് നിക്കലോഡിയന്‍ കിഡ്‌സ് ചോയ്‌സ് അവാര്‍ഡ്. ലോകമെമ്പാടുമുള്ള നിക്കലോഡിയന്‍ നെറ്റ്‌വര്‍ക്കിന്റെ കാഴ്ചക്കാര്‍ക്കിടയില്‍ നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്.

മെസിക്കും ലെബ്രോണ്‍ ജെയിംസിനും പുറമെ ബാസ്‌ക്കറ്റ്‌ബോള്‍ സൂപ്പര്‍ താരം സ്റ്റീഫന്‍ കറി, എന്‍.എഫ്.എല്‍ താരങ്ങളായ ടോ ബ്രാഡി, പാട്രിക് മഹോംസ്, സ്‌നോ ബോര്‍ഡറായ ഷോണ്‍ വൈറ്റ് എന്നിവരായിരുന്നു സ്‌പോര്‍ട്‌സ് കാറ്റഗറിയില്‍ അവാര്‍ഡിന് വേണ്ടി മത്സരരംഗത്തുണ്ടായിരുന്ന മറ്റ് താരങ്ങള്‍.

ഇതിന് മുമ്പും ലെബ്രോണ്‍ ജെയിംസ് ഈ പരുസ്‌കാരം പലതവണ സ്വന്തമാക്കിയിരുന്നു.

പുരസ്‌കാര വേദിയില്‍ സോണിക് ദി ഹെഡ്ജ്‌ഹോഗ് 2 മികച്ച ചിത്രമായും ടെയ്‌ലര്‍ സ്വിഫ്റ്റിനെ മികച്ച ഫീമെയ്ല്‍ ആര്‍ടിസ്റ്റായും ഡ്വെയ്ന്‍ ജോണ്‍സനെ ഏറ്റവും മികച്ച മെയ്ല്‍ ആര്‍ട്ടിസ്റ്റായും തെരഞ്ഞെടുത്തു. ബി.ടി.എസ്സാണ് മികച്ച മ്യൂസിക് ഗ്രൂപ്പ്.

എന്‍.ബി.എയില്‍ ലോസ് ആഞ്ജലസ് ലേക്കേഴ്‌സിന് വേണ്ടിയാണ് ലെബ്രോണ്‍ ജെയിംസ് നിലവില്‍ കളിക്കുന്നത്. 2021-22 സീസണില്‍ കളിച്ച 56 മത്സരത്തില്‍ നിന്നും ശരാശരി 30.3 പോയിന്റും 8.2 റീബൗണ്ടുകളും 6.2 അസിസ്റ്റും നേടിയാണ് ജെയിംസ് ഒരിക്കല്‍ക്കൂടി തരംഗമായത്.

ബാസ്‌ക്കറ്റ്‌ബോളിന്റെ ചരിത്രത്തില്‍ കരിയറില്‍ 10,000 പോയിന്റും റീബൗണ്ടും അസിസ്റ്റുകളും നേടുന്ന ആദ്യത്തെ താരമായും 2022ല്‍ ലെബ്രോണ്‍ ജെയിംസ് ചരിത്രം സൃഷ്ടിച്ചിരുന്നു.

കരിയറില്‍ 19 തവണ എന്‍.ബി.എ ഓള്‍ സ്റ്റാറായും 13 തവണ എന്‍.ബി.എ ഓള്‍ സ്റ്റാര്‍ ഫസ്റ്റ് ടീമില്‍ ഇടം നേടാനും ലെബ്രോണ്‍ ജെയിംസിന് സാധിച്ചിരുന്നു.

2022ലെ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ മൂന്നാമതും ലോകത്തിന്റെ നെറുകയിലെത്തിച്ചാണ് ലയണല്‍ മെസി ഫുട്‌ബോള്‍ ലോകത്തെ മുടിചൂടാമന്നനായത്. റെയ്‌നിങ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് മെസിയും സംഘവും ലോകകപ്പില്‍ മുത്തമിട്ടത്.

ഇതിന് പുറമെ ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടുകൊണ്ട് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും മെസിക്ക് ലഭിച്ചിരുന്നു.

Content highlight: Lionel Messi fails to beat LeBron James in Nickelodean Kids Choice Award

We use cookies to give you the best possible experience. Learn more