| Wednesday, 28th September 2022, 2:23 pm

അമേരിക്ക കീഴടക്കി, ഇനി കളി അങ്ങ് ഖത്തറില്‍; ജമൈക്കക്കെതിരായ വിജയത്തിന് ശേഷം ലിയോ

സ്പോര്‍ട്സ് ഡെസ്‌ക്

അമേരിക്കയില്‍ ജമൈക്കക്കെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു. മൂന്ന് ഗോളിനാണ് അര്‍ജന്റീന ജമൈക്കയെ നിലംപരിശാക്കിയത്. അര്‍ജന്റീനക്കായി ജൂലിയന്‍ അല്‍വാരസ് ഒരു ഗോള്‍ നേടിയപ്പോള്‍ ലയണല്‍ മെസി രണ്ട് ഗോളുകള്‍ നേടി ജമൈക്കയെ കീഴപ്പെടുത്തുകയായിരുന്നു.

ഖത്തര്‍ ലോകകപ്പ് ആരംഭിക്കാന്‍ ഒരു മാസം കൂടി ബാക്കി നില്‍ക്കെയാണ് ടീം അര്‍ജന്റീനയുടെ തകര്‍പ്പന്‍ വിജയം. പരിശീലകന്‍ ലയണല്‍ സ്‌കലോനിയുടെ കീഴില്‍ തുടര്‍ച്ചയായി 35ാം തവണ അര്‍ജന്റീന വിജയിക്കുന്ന മത്സരമാണിത് എന്ന പ്രത്യേകത കൂടി ഈ വിജയത്തിന് പിന്നിലുണ്ട്.

ടീമിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം മെസി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ തരംഗമാകുന്നത്. മറ്റൊരു തകര്‍പ്പന്‍ വിജയത്തിന് ശേഷം തങ്ങള്‍ അമേരിക്ക വിടുകയാണ് എന്നു തുടങ്ങുന്ന വാചകങ്ങള്‍ അടിക്കുറിപ്പ് നല്‍കിയാണ് ജമൈക്കക്കെതിരായ മത്സരത്തിന്റെ ഫോട്ടോസ് താരം ഇന്‍സ്റ്റഗ്രാംമില്‍ പോസ്റ്റ് ചെയതത്.

”മറ്റൊരു തകര്‍പ്പന്‍ വിജയത്തിന് ശേഷം ഏറെ പ്രതീക്ഷകളോടെ ഞങ്ങള്‍ അമേരിക്ക വിടുകയാണ്,” മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

13ാം മിനിട്ടില്‍ ലൗറാ മാര്‍ട്ടിനസിന്റെ അസിസ്റ്റില്‍ അല്‍വാരസായിരുന്നു ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ തുടക്കം തൊട്ട് മികച്ച ആധിപത്യം സൃഷ്ടിക്കാന്‍ അര്‍ജന്റീനക്ക് സാധിച്ചിരുന്നെങ്കിലും ഒരു ഗോള്‍ മാത്രമാണ് ആദ്യ പകുതിയില്‍ നേടാന്‍ സാധിച്ചത്. പിന്നീട് മത്സരത്തിന്‍രെ അവസാന മിനിട്ടുകളിലാണ് അര്‍ജന്റീനക്ക് രണ്ട് ഗോള്‍ വലയിലെത്തിക്കാന്‍ സാധിച്ചത്.

56ാം മിനിട്ടിലായിരുന്നു മെസി ഗ്രൗണ്ടിലെത്തിയത്. അല്ലെങ്കില്‍ തന്നെ അര്‍ജന്റൈന്‍ താരങ്ങളുടെ മുമ്പില്‍ വലഞ്ഞ ജമൈക്കന്‍ താരങ്ങള്‍ മെസിയുടെ വരവില്‍ പൂര്‍ണമായും അടപടലമാകുകയായിരുന്നു. 86ാം മിനിട്ടിലും 89ാം മിനിട്ടിലും രണ്ട് ക്ലാസ് ഗോള്‍ നേടി മെസി അയാളുടെ ജോലി പൂര്‍ത്തിയാക്കി.

ലൗട്ടാറോ മാര്‍ട്ടിനെസിന് പകരമായിരുന്നു മെസി ഗ്രൗണ്ടിലെത്തിയത്. സെല്‍സോയുടെ അസിസ്റ്റില്‍ ബോക്സിന് വെളിയില്‍ നിന്നും തൊടുത്ത് വിട്ട ഒരു ലോ ഗ്രൗണ്ട് ഷോട്ടിലൂടെയായിരുന്നു മെസി ആദ്യ ഗോള്‍ നേടിയത്.

പിന്നീട് 89ാം മിനിട്ടില്‍ ലഭിച്ച ഫ്രീകിക്ക് ജമൈക്ക സൃഷ്ടിച്ച വാളിനെ കബിളിപ്പിച്ച് മെസി ഗോളാക്കി മാറ്റുകയായിരുന്നു. മെസിയുടെ ഒരു കേക്ക്വാക്ക് ഫ്രീകിക്ക് ഗോളിനായിരുന്നു ആരാധകര്‍ സാക്ഷിയായത്. ഏറെ നാളായി ആരാധകര്‍ മിസ് ചെയ്തിരുന്ന മെസിയുടെ ഫ്രീകിക്ക് ഗോള്‍ ഇന്ന് കാണാന്‍ സാധിച്ചു.

മത്സരത്തിന്റെ സമഗ്ര മേഖലയിലും അര്‍ജന്റീനയുടെ ആധിപത്യമായിരുന്നു കാണാന്‍ സാധിച്ചത്. 67 ശതമാനം ബോള്‍ പൊസെഷന്‍ നിലനിര്‍ത്തിയ അര്‍ജന്റൈന്‍ പട 17 ഷോട്ടുകളാണ് തൊടുത്തത്. ജമൈക്കയാകട്ടെ രണ്ടെണ്ണവും.

ഖത്തര്‍ ലോകകപ്പില്‍ പോളണ്ട് മെക്‌സിക്കോ, സൗദി അറേബ്യ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് അര്‍ജന്റീന കളിക്കുക.

Content Highlights: Lionel Messi expresses joy after the victory against Jamaica

We use cookies to give you the best possible experience. Learn more