എം.എല്‍.എസ് സീസണിലെ അവസാന മത്സരത്തില്‍ ഷാര്‍ലാറ്റ് എഫ്.സിയോട് എതിരില്ലാത്ത ഒരു ഗോളിന് ഇന്റര്‍ മയാമി പരാജയപ്പെട്ടിരുന്നു. തോല്‍വിയോടെ പ്ലേ ഓഫ് സ്ഥാനവും മയാമിക്ക് നഷ്ടമായി.
ഇപ്പോഴിതാ ഇന്റര്‍ മയാമിക്കൊപ്പമുള്ള തന്റെ ആദ്യ സീസണ്‍ എങ്ങനെയുണ്ടെന്ന് വിലയിരുത്തിയിരിക്കുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസി.
ഇന്റര്‍മയാമിക്കൊപ്പം ആദ്യ മാസങ്ങളില്‍ നേടിയ നേട്ടങ്ങളില്‍ സന്തോഷവാനാണെന്നും 2024ല്‍ അവിശ്വസനീയമായ നിമിഷങ്ങള്‍ ടീമില്‍ ഉണ്ടാവുമന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് മെസി പറഞ്ഞത്.
ഈ സീസണില്‍ ഇന്റര്‍ മയാമി നേടിയ എല്ലാ നേട്ടങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു. എല്ലാവരുടെയും കഠിനാധ്വാനവും പരിശ്രമവും കൊണ്ട് ഇന്റര്‍ മയാമിക്ക് ചരിത്രത്തിലെ ആദ്യ ലീഗ്സ് കപ്പ് നേടാന്‍ കഴിഞ്ഞു. അതോടൊപ്പം യു.എസ്. ഓപ്പണ്‍ ഫൈനലില്‍ എത്താനും ഞങ്ങള്‍ക്ക് കഴിഞ്ഞു. ഞങ്ങള്‍ എം.എല്‍.എസിന്റെ പ്ലേ ഓഫില്‍ കയറുന്നതിനായി ശക്തമായ പോരാട്ടം നടത്തി. അടുത്ത വര്‍ഷം കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ആഗ്രഹം ഞങ്ങള്‍ക്കുണ്ട്. കഴിഞ്ഞ സീസണില്‍ സംഭവിച്ച പോലെയുള്ള അവിശ്വസനീയമായ നിമിഷങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ മെസി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഈ സീസണില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് ലയണല്‍ മെസി മയാമിയിലേക്ക് ചേക്കേറിയത്. മെസിയുടെ വരവോടെ മികച്ച മുന്നേറ്റമായിരുന്നു ഇന്റര്‍ മയാമി കാഴ്ചവെച്ചത്.
ഇന്റര്‍ മയാമിയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടം മെസിയുടെ മികവില്‍ ടീം സ്വന്തമാക്കിയിരുന്നു. മയാമിക്ക് വേണ്ടി 14 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസി നേടിയത്.
സെപ്റ്റംബറില്‍ നടന്ന അന്താരാഷ്ട്ര മത്സരത്തിനിടെയാണ് മെസിക്ക് പരിക്ക് സംഭവിച്ചത്. പിന്നീട് നടന്ന മത്സരങ്ങളില്‍ ഒന്നും ഇന്റര്‍ മയാമിക്കായി മെസിക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മയാമിക്ക് പ്ലേ ഓഫ് സ്ഥാനം നഷ്ടമാവുകയും ചെയ്തു.
Content Highlight: Lionel Messi evaluate the first season with Inter Miami.