| Saturday, 15th June 2024, 8:29 am

മെസി അടിച്ചുകയറിയത് സാക്ഷാല്‍ പെലെയുടെ റെക്കോഡിനൊപ്പം; കോപ്പക്ക് മുമ്പേ ചരിത്രംകുറിച്ച് അര്‍ജന്റൈന്‍ നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനക്ക് ആവേശകരമായ വിജയം. ഗ്വാട്ടിമാലയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. മത്സരത്തില്‍ അര്‍ജന്റീനക്കായി സൂപ്പര്‍ താരം ലയണല്‍ മെസിയും ലൗട്ടാറോ മാര്‍ട്ടിനെസും ഇരട്ടഗോള്‍ നേടി കരുത്ത് കാട്ടിയപ്പോള്‍ അര്‍ജന്റീന മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിന്റെ 12, 77 മിനിട്ടുകളിലായിരുന്നു മെസിയുടെ ഗോളുകള്‍ പിറന്നത്. അര്‍ജന്റീനന്‍ ജേഴ്‌സിയില്‍ മെസിയുടെ 108 ഗോളുകള്‍ നേടിയെടുക്കാനും മെസിക്ക് സാധിച്ചു. മത്സരത്തില്‍ നേടിയ രണ്ടു ഗോളുകള്‍ക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് മെസി സ്വന്തമാക്കിയത്.

സൗത്ത് അമേരിക്കന്‍ ടീമുകള്‍ക്കെതിരെയുള്ള സൗഹൃദ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം എന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. ഇതോടെ ബ്രസീലിയന്‍ ഇതിഹാസം പെലെയുടെ റെക്കോഡിനൊപ്പമെത്താനും മെസിക്ക് സാധിച്ചു.

ഫുട്‌ബോളിന്റെ ചരിത്രത്തില്‍ സൗത്ത് അമേരിക്കന്‍ ടീമുകള്‍ക്കെതിരെ 51 ഗോളുകളാണ് പെലെ നേടിയിട്ടുള്ളത്. ഗ്വാട്ടിമാലക്കെതിരെ നേടിയ രണ്ട് ഗോളുകളോടെ പെലെയുടെ ഈ നേട്ടത്തിനൊപ്പമാണ് മെസി എത്തിയത്.

അതേസമയം 39, 66 എന്നീ മിനിറ്റുകളിലായിരുന്നു മാര്‍ട്ടിനെസിന്റെ ഗോളുകള്‍ പിറന്നത്. മത്സരത്തില്‍ 72 ബോള്‍ പൊസഷന്‍ കൈപ്പിടിയിലാക്കിയ അര്‍ജന്റീന 19 ഷോട്ടുകളാണ് എതിര്‍പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ പത്തെണ്ണമാണ് ലക്ഷ്യത്തിലേക്ക് എത്തിയത്.

ഈ തകര്‍പ്പന്‍ വിജയം കോപ്പ അമേരിക്കക്ക് തയ്യാറെടുക്കുന്ന മെസിക്കും കൂട്ടര്‍ക്കും വലിയ ആത്മവിശ്വാസമാണ് നല്‍കുക. കോപ്പയില്‍ ഗ്രൂപ്പ് എയില്‍ പെറു, ചിലി, കാനഡ എന്നീ ടീമുകള്‍ക്കൊപ്പമാണ് അര്‍ജന്റീന കിരീട പോരാട്ടത്തിനായി അണിനിരക്കുന്നത്.

ജൂണ്‍ 21നാണ് കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ ആദ്യ മത്സരം. മേഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കാനഡയാണ് മെസിയുടെയും കൂട്ടരുടെയും എതിരാളികള്‍.

Content Highlight: Lionel Messi Equals Pele Record in Football

We use cookies to give you the best possible experience. Learn more