| Wednesday, 16th October 2024, 1:17 pm

പെലെയെ നേരത്തെ വെട്ടി, ഇപ്പോള്‍ റൊണാള്‍ഡോയുടെ സൂപ്പര്‍ റെക്കോഡിനൊപ്പം; കാട്ടുതീയായി മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയെ നിഷ്പ്രഭമാക്കി അര്‍ജന്റീന തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. എസ്റ്റാഡിയോ മാസ് മോണുമെന്റലില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ആറ് ഗോളിനാണ് അര്‍ജന്റീന എതിരാളികളെ തകര്‍ത്തുവിട്ടത്.

മത്സരത്തില്‍ സൂപ്പര്‍ താരം മെസി ഹാട്രിക് നേടി. 19, 84, 89 മിനിട്ടുകളിലായിരുന്നു മെസി എതിരാളികളെ മറികടന്ന് പന്ത് വലയിലെത്തിച്ചത്.

ലൗട്ടാരോ മാര്‍ട്ടീനസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരാണ് ആല്‍ബിസെലസ്റ്റിന്റെ മറ്റ് ഗോളുകള്‍ കണ്ടെത്തിയത്.

കരിയറിലെ പത്താമത് അന്താരാഷ്ട്ര ഹാട്രിക്കാണ് മെസി ബൊളീവിയക്കെതിരെ നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും മെസി സ്വന്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം ഹാട്രിക് നേടുന്ന താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്.

ഈ റെക്കോഡില്‍ തന്റെ പോര്‍ച്ചുഗീസ് കൗണ്ടര്‍പാര്‍ട്ടുമായി ഒന്നാം സ്ഥാനം പങ്കിടുകയാണ് താരം.

അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം ഹാട്രിക് നേടിയ താരങ്ങള്‍

(താരം – ടീം – ഹാട്രിക് എന്നീ ക്രമത്തില്‍)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – പോര്‍ച്ചുഗല്‍ – 10

ലയണല്‍ മെസി – അര്‍ജന്റീന – 10*

സ്വെന്‍ റൈഡല്‍ – സ്വീഡന്‍ – 9

അലി ദേയ് – ഇറാന്‍ – 8

പെലെ – ബ്രസീല്‍ – 7

ആ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. പത്ത് മത്സരത്തില്‍ നിന്നും ഏഴ് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമായി 22 പോയിന്റോടെയാണ് മെസിപ്പട ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

നവംബര്‍ 15നാണ് ക്വാളിഫയറില്‍ അര്‍ജന്റീനയുടെ അടുത്ത മത്സരം. എസ്റ്റാഡിയോ ഡിഫന്‍സേഴ്‌സ് ഡെല്‍ ചാക്കോയില്‍ നടക്കുന്ന മത്സരത്തില്‍ പരഗ്വായ് ആണ് എതിരാളികള്‍.

Content Highlight: Lionel Messi equals Cristiano Ronaldo’s record of most international hattricks

Video Stories

We use cookies to give you the best possible experience. Learn more