ഗോയിയാനിയ: കോപ്പ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെ മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്റീന സെമിയില്‍.
രണ്ട് ഗോളിന് വഴിയൊരുക്കിയും മൂന്നാം ഗോള്‍ സ്വന്തമാക്കിയും മിന്നിത്തിളങ്ങിയ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ മികവിലായിരുന്നു അര്‍ജന്റീനയുടെ വിജയം.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമണം അഴിച്ചുവിട്ട അര്‍ജന്റീന 40-ാം മിനിറ്റിലാണ് മുന്നിലെത്തിയത്. മെസ്സിയുടെ പാസില്‍ നിന്ന് റോഡ്രിഗോ ഡി പോളാണ് അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തത്. ആവേശകരമായ മത്സരത്തിന്റെ രണ്ടാം പകുതിയിലെ അവസാന നിമിഷങ്ങളിലായിരുന്നു പിന്നീടുള്ള രണ്ട് ഗോളുകള്‍ പിറന്നത്.
84ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍ ഇക്വഡോറിന്റെ പ്രതിരോധ പിഴവ് മുതലെടുത്ത് മെസ്സി നല്‍കിയ പാസില്‍ മാര്‍ട്ടിനെസാണ് ഗോള്‍ നേടിയത്. പിന്നാലെ ഇന്‍ജുറി ടൈമില്‍ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് മെസ്സി അര്‍ജന്റീനയുടെ ഗോള്‍പ്പട്ടിക മൂന്നിലെത്തിക്കുകയും ചെയ്തു.
ഗ്രൂപ്പ് ഘട്ടം മുതല്‍ തോല്‍വിയറിയാതെ മുന്നേറിയാണ് അര്‍ജന്റീനയുടെ സെമി പ്രവേശനം. പിയേറോ ഹിന്‍കാപി ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതിനാല്‍ 10 പേരുമായാണ് ഇക്വഡോര്‍ മത്സരം പൂര്‍ത്തിയാക്കിയത്.
ഇതോടെ കോപയില്‍ സെമി ഫൈനല്‍ ലൈനപ്പായി. സെമിയില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ പെറുവിനെ സെമിയില്‍ നേരിടും.
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഉറുഗ്വായെ തകര്‍ത്താണ് കൊളംബിയ സെമിയില്‍ കടന്നത്. ഷൂട്ടൗട്ടില്‍ 4-2നായിരുന്നു കൊളംബിയന്‍ ടീമിന്റെ വിജയം.
നിശ്ചിത സമയത്ത് മത്സരം ഗോള്‍രഹിത സമനിലയിലായതോടെയാണ് വിജയിയെ തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.
ഉറുഗ്വായ് താരങ്ങളുടെ രണ്ട് കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിനാണ് കൊളംബിയയുടെ രക്ഷകനായത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Lionel Messi decisive again as Argentina advance to Copa America semifinal