| Monday, 6th May 2024, 9:04 am

അഞ്ചില്‍ നെഞ്ചുവിരിച്ച് മെസി! ചരിത്രത്തിലെ ആദ്യതാരം; ആടാട്ടത്തില്‍ പിറന്നത് റെക്കോഡുകളുടെ പെരുമഴ

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ വിജയം. എന്‍.വൈ റെഡ് ബുള്‍സിനെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് മയാമി പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസി മിന്നും പ്രകടനമാണ് നടത്തിയത്. അഞ്ച് അസിസ്റ്റുകളാണ് മെസി മയാമിക്കായി നേടിയത്. അസിസ്റ്റുകള്‍ക്ക് പുറമെ ഒരു ഗോളും താരം നേടിയിരുന്നു. തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് പിറവിയെടുത്തത്.

മേജര്‍ ലീഗ് സോക്കറിന്റെ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ അഞ്ച് അസിസ്റ്റുകള്‍ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് അര്‍ജന്റീന നായകന്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ആറ് ഗോളുകളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചിരുന്നു.

ഇതോടെ മറ്റൊരു നേട്ടവും മെസി സ്വന്തമാക്കി. എം.എല്‍.എസ്സില്‍ ഒരു മത്സരത്തില്‍ ആറ് ഗോള്‍ നേട്ടത്തിന്റെ ഭാഗമാവുന്ന ആദ്യ താരമാവാനും മെസിക്ക് സാധിച്ചു. ഇതോടെ 11 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും 11 അസിസ്റ്റുകളും ആണ് മെസിയുടെ അക്കൗണ്ടില്‍ ഉള്ളത്.

മത്സരത്തില്‍ സൂപ്പര്‍താരം ലൂയി സുവാരസ് ഹാട്രിക്ക് നേടി മിന്നും പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ 68, 75, 81 എന്നീ മിനിട്ടുകളില്‍ ആയിരുന്നു സുവാരസിന്റെ മൂന്നു ഗോളുകള്‍ പിറന്നത്. മത്തിയാസ് റോജാസ് 48, 62 എന്നീ മിനിട്ടുകളില്‍ ഇരട്ട ഗോള്‍ നേടിയും മയാമിയുടെ വമ്പന്‍ വിജയത്തില്‍ പങ്കാളിയായി.

ഡാണ്ടെ വാന്‍സിയര്‍ 30, എമില്‍ ഫോഴ്സ്‌ബെര്‍ഗ് 90+7 എന്നിവരായിരുന്നു റെഡ് ബുള്‍സിനു വേണ്ടി ആശ്വാസഗോളുകള്‍ നേടിയത്.\

മത്സരത്തില്‍ 16 ഷോട്ടുകള്‍ ആണ് എതിരാളികളുടെ പോസ്റ്റിലേക്ക് മയാമി ഉതിര്‍ത്തത് ഇതില്‍ ഏഴെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് റെഡ് ബുള്‍ 15 ഷോട്ടുകളില്‍ അഞ്ച് തവണ പന്ത് ലക്ഷ്യത്തിലെത്തിച്ചു.

ജയത്തോടെ 12 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും അടക്കം 24 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്റര്‍മയാമി. മെയ് 12ന് മോണ്ട് റിയലിനെതിരെയാണ് മെസിയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. സപ്പൂറ്റോ സ്റ്റേഡിയമാണ് വേദി.

Content Highlight: Lionel Messi create a new record in MLS

We use cookies to give you the best possible experience. Learn more