|

തോറ്റ കളിയിലെ ഒറ്റ ഗോൾ! മെസി അടിച്ച് കേറിയത് ലോകറെക്കോഡിലേക്ക്; ചരിത്രത്തിലെ ആദ്യ താരം അർജെന്റൈൻ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

മേജർ ലീഗ് സോക്കറിലെ അവസാന മത്സരത്തിൽ ഇന്റർ മയാമിക്ക് തോൽവി. അറ്റ്‌ലാൻഡ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്റർ മയാമിയെ പരാജയപ്പെടുത്തിയത്.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു ചരിത്ര നേട്ടമാണ് ലയണൽ മെസിയെ തേടിയെത്തിയത്. മത്സരത്തിൽ ഇന്റർ മയാമിയുടെ ഏകഗോൾ നേടിയത് മെസിയായിരുന്നു. പെനാൽട്ടി ബോക്സിന് പുറത്ത് നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ അറ്റ്ലാൻഡ യുണൈറ്റഡിന്റെ ഗോൾ വല ചലിപ്പിക്കുകയായിരുന്നു അർജെന്റൈൻ സൂപ്പർ താരം.

ഈ ഗോളിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് മെസി സ്വന്തമാക്കിയത്. ഫുട്ബോളിന്റെ ചരിത്രത്തിൽ ബോക്സിന് പുറത്തുനിന്നും ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടമാണ്‌ മെസി സ്വന്തമാക്കിയത്. 160 ഗോളുകളാണ് മെസി ബോക്സിന്റെ പുറത്തുനിന്നും നേടിയത്.

സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയിലും ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെനിലും അർജന്റീനയിലും അടിച്ചു കൂട്ടിയ ഗോളുകളുടെ പരമ്പര മേജർ ലീഗ് സോക്കറിലും ആവർത്തിച്ചുകൊണ്ടിരിക്കുകയാണ് അർജെന്റൈൻ സൂപ്പർ താരം.

ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ്‌ മെസി നേടിയിട്ടുള്ളത്. സൂപ്പർ താരത്തിന്റെ ഈ തകർപ്പൻ ഫോം വരാനിരിക്കുന്ന കോപ്പ അമേരിക്കയിൽ അർജന്റീനൻ ജേഴ്സിയിലും ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അതേസമയം മത്സരത്തിൽ അറ്റ്ലാൻഡക്കായി സബാ ലോബ്ഷാനിഡ് ഇരട്ടഗോളും ജമാൽ തീര ഒരു ഗോളും നേടി കളംനിറഞ്ഞു കളിച്ചപ്പോൾ മയാമി തകർന്നടിയുകയായിരുന്നു.

മത്സരത്തിൽ 61 ശതമാനം ബോൾ കൈവശം വെച്ച മയാമി എതിർ ടീമിന്റെ പോസ്റ്റിലേക്ക് ഷോട്ടുകൾ അടിക്കുന്ന കാര്യത്തിൽ പുറകിലായിരുന്നു. 12 ഷോട്ടുകളാണ് അറ്റ്‌ലാൻഡ യുണൈറ്റഡിന്റെ പോസ്റ്റിലേക്ക് മെസിയും കൂട്ടരും ഉതിർത്തത്. ഇതിൽ അഞ്ചു എണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് എത്തിയത്. മറുഭാഗത്ത് 23 ഷോട്ടുകൾ ആണ് മയാമിയുടെ പോസ്റ്റിലേക്ക് അറ്റ്ലാൻഡ ഉന്നം വെച്ചത്. ഇതിൽ എട്ട് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു.

തോൽവിയോടെ 17 മത്സരങ്ങളിൽ നിന്ന് 10 വിജയവും നാല് സമനിലയും മൂന്നു തോൽവിയും അടക്കം 34 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഇന്റർ മയാമി. ജൂൺ രണ്ടിന് എസ്.ടി ലൂയിസിനെതിരെയാണ് മായാമിയുടെ അടുത്ത മത്സരം. ചെയ്സ് സ്റ്റേഡിയമാണ് വേദി.

Content Highlight: Lionel Messi create a new record in Football