നവംബറില്‍ നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ സ്‌ട്രൈക്കറും അര്‍ജന്റൈന്‍ ക്യാപ്റ്റനുമായ ലയണല്‍ മെസി.
ഖത്തര്‍ വേള്‍ഡ് കപ്പ് ടൂര്‍ണമെന്റോട് കൂടി ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് മെസി നേരത്തെ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണം താരം നല്‍കിയിരുന്നില്ല. മാരക്കാനയില്‍ അവസാന നിമിഷം കൈവിട്ട് പോയ ലോകകപ്പ് ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറായാണ് ഇത്തവണ മെസിയും സംഘവും ഖത്തറിലെത്തുക.
കഴിഞ്ഞ ലോകകപ്പില്‍ മെസി ജര്‍മനിയുമായി ഏറ്റുമുട്ടിയതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ താരത്തിന്റെ മുന്‍ ഏജന്റായ ഫബിയാന്‍ സൊള്‍ഡീനി.
ലോകകപ്പില്‍ ജര്‍മനിയുമായി തോല്‍വി വഴങ്ങിയതിന് ശേഷം താരം ഉറങ്ങിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
10 വര്‍ഷങ്ങള്‍ക്ക് ശേഷം താരത്തെ നേരില്‍ കണ്ടപ്പോഴാണ് തന്നോടിത് പറഞ്ഞതെന്നും സൊള്‍ഡീനി കൂട്ടിച്ചേര്‍ത്തു.
”10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മെസിയുടെ വീട് സന്ദര്‍ശിക്കുന്നത്. അപ്പോഴാണ് അദ്ദേഹം എന്നോട് ഇക്കാര്യം സൂചിപ്പിച്ചത്.
ഫാബി, കഴിഞ്ഞ ഒരു വര്‍ഷമായി എനിക്ക് ഉറക്കം കിട്ടാറില്ലെന്നും രാത്രികളില്‍ ലോകകപ്പ് കണ്ട് ഞെട്ടിയുണരുകയുമാണെന്നാണ് മെസി എന്നോട് പറഞ്ഞത്. ഞാനുറപ്പ് തരാം, അദ്ദേഹം കുറെ കാലമായി ഇതും തലയിലിട്ടാണ് നടക്കുന്നത,’ സൊള്‍ഡീനോ പറഞ്ഞു.
മെസി വളരെ പക്വതയോടെയാണ് ലോകകപ്പിനെ കാണുന്നതെന്നും അര്‍ജന്റീനയുടേത് നല്ല ഒരുമയുള്ള ടീമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ലോകകപ്പ് നേടാന്‍ മെസിയും കൂട്ടരും എന്തുകൊണ്ടും അര്‍ഹരാണെന്നും പറഞ്ഞു.
കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവും നേടിയ അര്‍ജന്റീന 35 മത്സരങ്ങളുടെ അപരാജിത നേട്ടവും അക്കൗണ്ടിലിട്ടാണ് രാജ്യാന്തര പോരാട്ടത്തിനെത്തുന്നത്.
കളിക്കളത്തില്‍ അനായാസ പ്രകടനം നടത്തി ഗോളുകള്‍ വാരിക്കൂട്ടുന്ന താരത്തിന് വിശ്വ ഫുട്ബോളിന്റെ സ്വര്‍ണ കപ്പിലേക്കുള്ള ദൂരം മാത്രമാണ് ഇനി ബാക്കി.
Content Highlights: Lionel Messi could not sleep at night for more than a year after losing the FIFA World Cup final against Germany, says Former agent Fabian Soldini