അര്‍ജന്റീനിയുടെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് യുവാന്‍ റോമന്‍ റിക്വല്‍മി. ലോകത്തില്‍ തന്നെ മധ്യനിര താരങ്ങളുടെ ലിസ്റ്റില്‍ റിക്വല്‍മി ഏറെ മുന്നിലാണ്. സ്വന്തം വേഗതക്ക് അനുസരിച്ച് കളിയുടെ വേഗത നിയന്ത്രിച്ചും നേരിയ സാധ്യത പോലും ഗോളാക്കി മാറ്റുന്ന കളി ശൈലിയാണ് റിക്വല്‍മിയെ ഓരോ ഫുട്‌ബോള്‍ ആരാധകന്റെയും ഫേവറേറ്റാക്കി മാറ്റിയത്.
ബ്യൂണസ് ഐറിസില്‍ 1978ല്‍ ഒരു ദരിദ്ര കുടുംബത്തില്‍ മൂത്ത മകനായി ജനിച്ച യുവാന്‍ റോമന്‍ റിക്വല്‍മി ക്വാര്‍ട്ടര്‍ വരെയെത്തിയ 2006 ലോകകപ്പിലെ അര്‍ജന്റൈന്‍ ടീമിന്റെയും 2008ല്‍ ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ നേടിയ ടീമിന്റെയും പ്രധാന താരമായിരുന്നു.
എന്നാലിപ്പോള്‍ സജീവ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് എട്ടര വര്‍ഷത്തിന് ശേഷം റിക്വല്‍മി ഒരു വിടവാങ്ങല്‍ മത്സരത്തിനായി ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ തന്റെ അടുത്ത സുഹൃത്തായ ലയണല്‍ മെസി പങ്കെടുക്കനാന്‍ അദ്ദേഹം ആഗ്രഹം പ്രകടപ്പിച്ചെന്നും പി.എസ്.ജി ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
2023 ജൂണ്‍ 24നോ 25നോ ലാ ബോംബോനേരയിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെസിയും റിക്വല്‍മിയും അര്‍ജന്റീനക്കായി 27 തവണ ഒരുമിച്ച് കളിച്ചിട്ടുണ്ട്. 2006 ഫിഫ ലോകകപ്പില്‍ ഇരുവരും ഒരുമിച്ചിരുന്നു. എന്നാല്‍ 2002 മുതല്‍ 2005 വരെ ബാഴ്സലോണയിലുണ്ടായിരുന്നിട്ടും ക്ലബ്ബ് ലെവലില്‍ ഒരിക്കലും റിക്വല്‍മി മെസിക്കൊപ്പം പന്ത് തട്ടിയിട്ടില്ല.
(🌕) If the time allows, there is the idea of organizing Juan Román Riquelme’s farewell match at La Bombonera, for June 24th or 25th, with the presence of Lionel Messi. @MatiBustosMilla 🚨🇦🇷 pic.twitter.com/9r1Mb7ANSI
— All About Argentina 🛎🇦🇷 (@AlbicelesteTalk) April 17, 2023
ലോകകപ്പില്‍ അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇരു ചെവിയും പിടിച്ച് മെസി നടത്തിയ ഗോളാഘോഷം റിക്വല്‍മിക്ക് വേണ്ടിയായിരുന്നെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് മെസിയെ തന്റെ വിടവാങ്ങല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ റിക്വല്‍മി ആഗ്രഹിക്കുന്നത്.
നിലവില്‍ അര്‍ജന്റൈന്‍ ക്ലബ്ബായ ബോക്ക ജൂനിയേഴ്‌സിന്റെ വൈസ് പ്രസിഡന്റാണ്
44 കാരനായ റിക്വല്‍മി. ക്ലബ്ബ് തെരഞ്ഞെടുപ്പ്, കൊവിഡ്, ഖത്തറില്‍ ലോകകപ്പ് തുടങ്ങി നിരവധി കാരണങ്ങളായിരുന്നു താരം തന്റെ വിടവാങ്ങല്‍ മത്സരം വൈകിപ്പിച്ചിരുന്നത്.
Content Highlight: Lionel Messi could be present at Argentina legend Juan Román Riquelme’s farewell game this summer