ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തകർത്ത് ലോകകിരീടം ചൂടിയ ശേഷം വീണ്ടും മെസി രാജ്യാന്തര ജേഴ്സിയണിയുകയാണ്.
പനാമക്കും കുറക്കാവോക്കുമെതിരെയുള്ള മത്സരങ്ങളിലാണ് മെസി വീണ്ടും രാജ്യാന്തര മത്സരങ്ങളിൽ അർജന്റീനക്കായി മത്സരിക്കുന്നത്.
ബ്യൂനസ് ഐറിസിൽ വെച്ച് നടക്കുന്ന പനാമക്കെതിരെയുള്ള മത്സരത്തിന്റെ ടിക്കറ്റ് വിൽപന തുടങ്ങി രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ചിരുന്നു.
എന്നാൽ പനാമക്കും കുറക്കാവോക്കുമെതിരെയുള്ള മത്സരങ്ങൾ കളിക്കുന്നതിലൂടെ രണ്ട് വലിയ റെക്കോഡുകളാണ് മെസിയെ കാത്തിരിക്കുന്നത്.
പ്രൊഫഷണൽ ഫുട്ബോളിൽ 800 ഗോൾ തികക്കാൻ കഴിയുക എന്നതാണ് മെസിയെ കാത്തിരിക്കുന്ന ആദ്യത്തെ നേട്ടം.
നിലവിൽ 799 ഗോളുകൾ മൊത്തത്തിൽ തന്റെ കരിയറിൽ സ്കോർ ചെയ്ത മെസിക്ക് ഒരു ഗോൾ കൂടി സ്വന്തമാക്കാനായാൽ തന്റെ ഗോൾ നേട്ടം 800 എന്ന സംഖ്യയിലേക്ക് എത്തിക്കാൻ സാധിക്കും.
കൂടാതെ രാജ്യത്തിനായി 100 ഗോളുകൾ എന്ന നേട്ടവും അർജന്റീനയുടെ ഇതിഹാസ താരത്തെ കാത്തിരിപ്പുണ്ട്.
നിലവിൽ 98 ഗോളുകളാണ് തന്റെ രാജ്യത്തിനായി മെസി സ്വന്തമാക്കിയത്. ഇനി രണ്ട് ഗോളുകൾ കൂടി നേടിയാൽ തന്റെ രാജ്യാന്തര ഗോൾ നേട്ടം മൂന്നക്ക സംഖ്യയിലെത്തിക്കാൻ മെസിക്ക് സാധിക്കും.
മാർച്ച് 24നാണ് പനാമക്കെതിരെയുള്ള അർജന്റീനയുടെ ആദ്യ സൗഹൃദമത്സരം. മാർച്ച് 24ന് ഇന്ത്യൻ സമയം രാവിലെ 5:30നാണ് മത്സരം നടക്കുക.
തുടർന്ന് മാർച്ച് 28ന് കുറക്കാവോക്കെതിരെ മെസിയും സംഘവും കളിക്കും.
Content Highlights: Lionel Messi could achieve two records in next two international matches