എന്നെ ഞാനാക്കിയ ബാഴ്‌സയ്‌ക്കെതിരെ കോടതിയില്‍ പോകാന്‍ വയ്യ; ബാഴ്‌സ വിടില്ലെന്ന് മെസി, ക്ലബിനെതിരെ ആഞ്ഞടിച്ച് താരം
Football
എന്നെ ഞാനാക്കിയ ബാഴ്‌സയ്‌ക്കെതിരെ കോടതിയില്‍ പോകാന്‍ വയ്യ; ബാഴ്‌സ വിടില്ലെന്ന് മെസി, ക്ലബിനെതിരെ ആഞ്ഞടിച്ച് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th September 2020, 10:13 pm

നൗകാമ്പ്: കായിക ലോകത്ത് ദിവസങ്ങളായി നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമം. അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ബാഴ്‌സലോണ വിടില്ല.

സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ മെസി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്ലബ് വിടുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നെന്നും എന്നാല്‍ തന്നെ താനാക്കിയ ക്ലബിനെ കോടതി കയറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും മെസി പറഞ്ഞു.

‘എന്റെ ഭാര്യയോടും കുട്ടികളോടും ഞാന്‍ ബാഴ്‌സ വിടുന്നതിനെ കുറിച്ച് പറഞ്ഞു. അവര്‍ കരയുകയായിരുന്നു. കുട്ടികള്‍ക്ക് ബാഴ്‌സ വിടുന്നത് ഇഷ്ടമായിരുന്നില്ല’, മെസി പറഞ്ഞു.

പക്ഷെ ഞാന്‍ കൂടുതല്‍ ദൂരത്തേക്ക് നോക്കി, ഉയര്‍ന്ന തലത്തില്‍ മത്സരിക്കാനും കിരീടങ്ങള്‍ നേടാനും ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. അതില്‍ നിങ്ങള്‍ തോല്‍ക്കുകയോ ജയിക്കുകയോ ചെയ്‌തേക്കാം-മെസി കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യം ക്ലബ് പ്രസിഡണ്ടുമായി പങ്കുവെച്ചപ്പോള്‍ അശുഭകരമായ മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് സ്വതന്ത്രമായി പോകാനാകുമെന്നാണ് ഞാന്‍ കരുതിയത്. സീസണിലെ അവസാനത്തില്‍ ഇവിടെ തുടരണോ വേണ്ടയോ എന്നത് തീരുമാനിക്കാമെന്ന് പ്രസിഡണ്ട് പറഞ്ഞിരുന്നുവെന്നും മെസി പറഞ്ഞു. എന്നാല്‍ ജൂണ്‍ 10 ന് മുന്‍പ് താന്‍ ഇക്കാര്യം അറിയിച്ചില്ലെന്നാണ് ക്ലബ് പറഞ്ഞതെന്നും മെസി കൂട്ടിച്ചേര്‍ത്തു.

‘ഇതിനാലാണ് ഞാന്‍ ക്ലബില്‍ തുടരുന്നത്. 700 മില്യണ്‍ യൂറോ നല്‍കണമെന്നാണ് അവര്‍ പറയുന്നത്. അത് അസാധ്യമാണ്’, മെസി പറഞ്ഞു.

അതല്ലാതെ കോടതിയില്‍ പോകുക എന്നതാണ് പോംവഴി. എന്നാല്‍ എന്നെ വളര്‍ത്തി വലുതാക്കിയ ക്ലബിനെതിരെ അത്തരമൊരു നീക്കം നടത്താന്‍ ഞാന്‍ ഒരുക്കമല്ല-മെസി കൂട്ടിച്ചേര്‍ത്തു.

‘എന്റെ ജീവിതത്തിന്റെ ഭാഗമാണ് ഈ ക്ലബ്. ഇവിടെയാണ് ഞാന്‍ എന്റെ ജീവിതം കെട്ടിപ്പടുത്തത്. ബാഴ്‌സയ്‌ക്കെതിരെ ഞാന്‍ കോടതിയില്‍ പോകില്ല’, മെസി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Lionel Messi Barcelona Football